രാജേഷ് പിള്ളയുടെ മരണകാരണം പെപ്‌സിയുടെ അമിത ഉപയോഗമെന്ന പ്രചരണം തെറ്റ്: ഡോ. റോണി

single-img
1 March 2016

740818_270800243049570_296444251_o

സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് രോഗം പിടിപെട്ടത് പെപ്‌സിയുടെ അമിതമായ ഉപയോഗം കാരണമാണെന്ന പ്രചാരണം തെറ്റാണെന്ന് രാജേഷ് പിള്ളയുടെ സുഹൃത്തും നടനും ഡോക്ടറുമായ റോണി. അദ്ദേഹത്തിന് കരള്‍ രോഗം പാരമ്പര്യമായി കിട്ടിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദിവസം ഏഴര ലിറ്റര്‍ പെ‌പ്സി രാജേഷ് കുടിച്ചിരുന്നുവെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്‍. ഒരാള്‍ക്ക് ഒരുദിവസം ഏഴര ലിറ്റര്‍ വെള്ളം കുടിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ ഏഴര ലിറ്റര്‍ പെപ്‌സി ഒരു ദിവസം കുടിക്കാന്‍ കഴിയുമോ. അത്തരത്തിലൊരു വിഡ്ഡിയല്ല രാജേഷെന്നും ഡോക്ടര്‍ റോണി ഡേവിഡ് പറഞ്ഞു.

രാജേഷിന്റെ അമ്മ മരിച്ചതും കരള്‍ രോഗം കാരണമാണ്. അദ്ദേഹത്തിനു പാരമ്പര്യമായി കിട്ടിയതാണ് ഈ രോഗം. അല്ലാതെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ പെപ്‌സി കഴിച്ചതുകൊണ്ടുവന്നതല്ലെന്നും റോണി വ്യക്തമാക്കി.സിനിമയോടുള്ള അമിതമായ അഭിനിവേശവും ആത്മാര്‍ഥതയും കാരണം വേണ്ട രീതിയില്‍ ചികിത്സ തുടരാന്‍ പലപ്പോഴും അദ്ദേഹത്തിനായില്ല. വേട്ടയ്ക്കുശേഷം കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ഇരിക്കുകയായിരുന്നു രാജേഷ്. എന്നാല്‍ അതിനിടെ ന്യുമോണിയ ബാധിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി.

പലപ്പോഴും സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാണ് ആശുപത്രിയിലെത്തിച്ചിരുന്നത്. അവസാന ചിത്രമായ വേട്ടയുടെ പ്രവര്‍ത്തനങ്ങള്‍ അല്‍പ്പം നീട്ടിയിരുന്നെങ്കില്‍ ഒരുപാട് നല്ല ചിത്രങ്ങള്‍ നല്‍കാന്‍ രാജേഷ് പിള്ള ജീവിച്ചിരുന്നേനെയെന്നും ഡോക്ടര്‍ പറഞ്ഞു.