സര്‍ക്കാരിന്റെ കൊടിവെച്ച ഔദ്യോഗിക വാഹനം ഓടിച്ച് പോലീസ് അക്കാദമി ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍; വീഡിയോ പുറത്തിറങ്ങിയിട്ടും അറിഞ്ഞഭാവം കാണിക്കാതെ പോലീസ്

single-img
1 March 2016

IG

സര്‍ക്കാരിന്റെ കൊടിവെച്ച ഔദ്യോഗിക വാഹനം ഡ്രൈവ് ചെയ്യുന്ന പോലീസ് അക്കാദമി ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ വീഡിയോ പുറത്തിറങ്ങിയിട്ടും അറിഞ്ഞഭാവം കാണിക്കാതെ നിയമപാലകര്‍. രാമവര്‍മപുരം പൊലീസ് അക്കാദമി ഐജിയായ സുരേഷ് രാജ് പുരോഹിതിന്റെ മകനാണ് അക്കാദമി വളപ്പിലൂടെ കൊടിവെച്ച ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യം പുറത്തുവന്നത്.

കുട്ടി വാഹനമോടിക്കുന്നതിന്റെ അഞ്ചുമിനിറ്റ് വീതം ദൈര്‍ഘ്യമുളള മൂന്നു വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പൊലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പരാതി കൈമാറിയിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഐജിയുടെ മകന്‍ ഓടിക്കുന്ന വാഹനങ്ങളില്‍ ഔദ്യോഗിക കൊടിയും, നെയിംബോര്‍ഡും ഉളളതായി വീഡിയോകളില്‍ കാണാം. ഐജി വാഹനത്തില്‍ ഇല്ലെങ്കിലും മൂന്നു വീഡിയോകളിലും പൊലീസ് ഡ്രൈവര്‍ വാഹനത്തിലുണ്ട്.

ഒരു വാഹനം തൃശൂര്‍ റേഞ്ച് ഐജിയുടെതും മറ്റൊന്ന് പൊലീസ് അക്കാദമി ഐജിയുടെതുമാണ്. പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ഓടിക്കണമെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ടെന്നാണ് നിയമം. എന്നാല്‍ ഇവിടെ അനുമതി തേടിയിട്ടില്ല. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിക്കുന്നതും.

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി വിവാദ വ്യവസായി നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫെറാരി കാറോടിച്ച വിഷയത്തില്‍ പോലീസ് മകസെടുത്തിരുന്നു. എന്നാല്‍ ഐജിയുടെ മകന്റെ നിയമലംഘനത്തിനെതിരെ പോലീസ് നിശബ്ദത പാലിക്കുകയാണ്. നേരത്തെ പൊലീസ് അക്കാദമി ക്യാന്റീനില്‍ ബീഫ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് വിവാദത്തില്‍പ്പെട്ടയാളാണ് ഐജി സുരേഷ് രാജ് പുരോഹിത്. താന്‍ സഞ്ചരിക്കുന്ന സമയത്ത് വളപ്പില്‍ വാഹനങ്ങളൊന്നും നിര്‍ത്തരുതെന്നും പൊലീസുകാര്‍ വഴിയരികില്‍ നില്‍ക്കരുതെന്നും ഉത്തരവിട്ട ഐജിക്കെതിരെ പോലീസ് സേനയില്‍ തന്നെ കടുത്ത അതൃപ്തിയുണ്ട്.