പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ രാജ്യസ്‌നേഹിയാണ് താനെന്ന് അരവിന്ദ് കേജ്‌രിവാള്‍

single-img
29 February 2016

aravind

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വലിയ രാജ്യസ്‌നേഹിയാണ് താനെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. രാജ്യദ്രോഹ കുറ്റം ചുമത്തി തനിക്കെതിരെ കേസെടുത്ത മോദി ജെഎന്‍യു വിഷയത്തില്‍ ഉള്‍പ്പെട്ട യഥാര്‍ഥ രാജ്യദ്രോഹികളെ അറസ്റ്റ് ചെയ്ത് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുമായുള്ള ബന്ധം അസ്വസ്ഥമാക്കാന്‍ മോദി തയാറാവുന്നില്ലെന്നും കേജ്‌രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.

‘എനിക്കെതിരെ രാജ്യദ്രോഹമാണ് ചുമത്തിയിരിക്കുന്നത്. ഞാന്‍ ദലിതര്‍ക്ക്, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്, പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചു. അതിനാലാണ് ഞാന്‍ ബിജെപിക്കാര്‍ക്ക് രാജ്യദ്രോഹിയായത്. ഞാന്‍ ഇനിയും അവര്‍ക്കായി പോരാടും. എന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.’ കേജ്‌രിവാള്‍ പറയുന്നു.

എന്തുകൊണ്ടാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്. കാരണം അത്തരം മുദ്രാവാക്യം വിളിച്ചത് കശ്മീരില്‍ നിന്നുള്ളവരാണ്. അവരെ അറസ്റ്റ് ചെയ്താല്‍ മെഹബൂബ മുഫ്തി ക്ഷുഭിതയാകും’ കേജ്‌രിവാള്‍ പറഞ്ഞു. നമ്മുടെ സൈനികര്‍ ദിവസവും അതിര്‍ത്തിയില്‍ വീരമൃത്യുവരിക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു വേണ്ടി മോദി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുകയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ പിഡിപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം തുടരുന്നതിനിടെയാണ് കേജ്‌രിവാളിന്റെ ആരോപണം.