കേരളത്തില്‍ അഴിമതി ഇല്ലാതാകാന്‍ ജയലളിത മുഖ്യമന്ത്രിയാകണമെന്ന് ബിജു രമേശ്

single-img
29 February 2016

1164_S_jayalalitha-l

കേരളത്തില്‍ അഴിമതിരഹിത ഭരണം വരണമെങ്കില്‍ ജയലളിത ഇവിടെ മുഖ്യമന്ത്രിയാകണമെന്ന് ബാറുടമാ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ 68-ാം ജന്മദിനത്തിനോടനുബന്ധിച്ച് മൂന്നാറില്‍ 6800 പേര്‍ക്ക് സ്നേഹോപഹാരം വിതരണം നല്‍കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിജു രമേശ്.
മൂന്നാര്‍ ഇന്നും 25 വര്‍ഷം മുമ്പുള്ള നിലയില്‍ത്തന്നെയാണെന്നും എന്നാല്‍ മൂന്നാറിനെ ഉപയോഗിച്ച് കെ.എം. മാണിയും കൂട്ടരും നേട്ടങ്ങള്‍ കൊയ്തുവെന്നും ബിജു രമേശ് പറഞ്ഞു.

മക്കളെ അമ്മ പരിപാലിക്കുന്നതുപോലെയാണ് ജയലളിത ജനങ്ങളെ സംരക്ഷിക്കുന്നതെന്നും ബിജു രമേശ് പറഞ്ഞു. കേരളത്തില്‍ രാഷ്ട്രീയക്കാരും മന്ത്രിമാരും സുഖമായി ജിവിക്കുമ്പോള്‍ നിര്‍ധനരായ ആളുകള്‍ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുകയാണ്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഡി.എം.കെ. സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ മത്സരിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച നേതാക്കള്‍ പറഞ്ഞു. ദേവികുളം. പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ജയലളിത തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.