തര്‍ക്കിച്ചു മല്‍സരിക്കാനില്ല: തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായുണ്ടാകുമെന്ന് കാട്ടി യെച്ചൂരിക്ക് വി.എസിന്റെ കത്ത്

single-img
29 February 2016

V-S-Achuthanandan-636-4872

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നറിയിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തു നല്‍കി. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ വിഷമമുണ്ടെങ്കിലും തര്‍ക്കിക്കാനില്ലെന്നു വ്യക്തമാക്കിയാണ് അദ്ദേഹം കത്ത് നല്‍കിയത്.

അധികാരം മോഹിച്ച് താന്‍ വീണ്ടും മല്‍സരിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രായമേറിയതിനാല്‍ തന്നെ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോയെ അറിയിച്ചതില്‍ വിഷമമുണ്ടെന്ന്ും കത്തില്‍ സൂചനയുണ്ട്.

ഇത്തരം പ്രശ്നങ്ങള്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നതില്‍ വിഷമമുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. എന്നാല്‍ മത്സരത്തിന്റെ കാര്യത്തില്‍ താന്‍ ഒരു തര്‍ക്കത്തിനും തയാറല്ല. പുതിയ വിവാദങ്ങള്‍ ഉണ്ടാകുന്നത് മുന്നണിക്കു ഗുണം ചെയ്യില്ലെന്നിരിക്കേ മല്‍സരരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ മുന്നണിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകും. കത്തില്‍ വി.എസ് സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും സമാന വിവാദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പോളിറ്റ്ബ്യൂറോ പ്രശനത്തില്‍ വി.എസിന് അനുകൂലമായി ഇടപെടുകയായിരുന്നു. അക്കാര്യം വി.എസ് കത്തില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.