വൃദ്ധജനങ്ങള്‍ സ്വത്താണ്, ബാധ്യതയല്ലെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്

single-img
26 February 2016

Cyriac

രാജ്യത്തെ വൃദ്ധജനങ്ങള്‍ നമ്മുടെ സ്വത്താണെന്നും അവര്‍ ഒരിക്കലും ബാധ്യതയല്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും നിയമങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ സിറ്റിസന്‍സ് റെഗുലേറ്ററി ബോര്‍ഡ് രൂപീകരണത്തിനു മുന്നോടിയായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ അഡ്വ.വി.കെ. ബീരാന്റെ ഓഫീസും ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ചേര്‍ന്നു സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ മുതിര്‍ന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ പല പ്രഖ്യാപനങ്ങളിലും നയങ്ങളിലും പ്രമേയങ്ങളിലും ഒപ്പുവച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ ഇവ നടപ്പാക്കാന്‍ രാജ്യത്തെ ഉദ്യോഗസ്ഥ വിഭാഗവും സമൂഹവും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നയങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള അജ്ഞതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പം മറ്റു ജനങ്ങളിലും ഈ വിഷയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി പഞ്ചായത്ത് തലം മുതല്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സംഘടനകളുടെ സഹായത്തോടെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെ. സുകുമാരന്‍ അധ്യക്ഷതവഹിച്ചു.