ജെ.എന്‍.യു കാംപസില്‍ വിതരണം ചെയ്തുവെന്ന പേരില്‍ ഹിന്ദു ദേവതയായ ദുര്‍ഗയെ കുറിച്ചുള്ള ലഘുലേഖ രാജ്യസഭയില്‍ വായിച്ച മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് പ്രതിപക്ഷം

single-img
26 February 2016

smriti-irani-parliament-650_650x400_51430199982

രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ജെഎന്‍യു വിഷയത്തില്‍ അവാസ്തവമായ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഹിന്ദു ദേവതയായ ദുര്‍ഗയെ കുറിച്ചുള്ള പരാമര്‍ശം മതനിന്ദയാണെന്നും മതനിന്ദ നടത്തിയതിന്റെ പേരില്‍ മന്ത്രി മാപ്പു പറയുകയോ അല്ലെങ്കില്‍ സഭയില്‍ നിന്നും പുറത്താക്കുകയോ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ത് ശര്‍മ ആവശ്യപ്പെട്ടു.

ദുര്‍ഗയ്ക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖകള്‍ ജെഎന്‍യു ക്യാംപസില്‍ വിതരണം ചെയ്തുവെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. തന്റെ വാദം തെളിയിക്കാന്‍ ലഘുലേഖയിലെ വാക്കുകള്‍ അവര്‍ സഭയില്‍ വായിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇന്നലെ രാജ്യസഭ ചര്‍ച്ചചെയ്യവെ തന്റെ വാദം സാധൂകരിക്കാന്‍ ലഘുലേഖ വായിച്ചതാണ് സ്മൃതി ഇറാനിയെ വെട്ടിലാക്കിയത്. അതിക്ഷേപകരമായ ലഘുലേഖ വായിക്കരുതെന്നും ഇത് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ആനന്ത് ശര്‍മ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് സ്മൃതി ഇറാനി വായന തുടരുകയായിരുന്നു.

ജെഎന്‍യുവില്‍ നിന്ന് ലഭിച്ച ലഘുലേഖകളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് മന്ത്രിയുടെ മറുപടി പ്രസംഗം പൂര്‍ത്തിയാക്കാതെ സഭ പിരിയുകയായിരുന്നു. സഭയില്‍ മതനിന്ദ നടത്തിയ മന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.