അഫ്സല്‍ഗുരുവിനെ തൂക്കികൊന്നത് ശരിയായിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നതായി പി. ചിദംബരം; പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല്‍ഗുരുവിന് പങ്കും സംശയം

single-img
25 February 2016

chidambaram

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല്‍ഗുരുവിനെ തൂക്കികൊന്നത് ശരിയായിരുന്നോ എന്നും ആക്രമണക്കേസില്‍ അഫ്സല്‍ഗുരുവിന് പങ്കുണ്ടോ എന്നും ഇപ്പോള്‍ സംശയിക്കുന്നതായി മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം. കോടതി ഇക്കാര്യത്തില്‍ ശരിയായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഇക്കണോമിക് ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇതാദ്യമായിട്ടാണ് ഒരു കോണ്‍ഗ്രസ് നേതാവ് അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റിയത് സംബന്ധിച്ച് സ്വതന്ത്ര അഭിപ്രായ പ്രകടനം നടത്തുന്നത്. നേരത്തെ അഫ്സല്‍ഗുരിവിനെ തൂക്കിലേറ്റിയത് പൊതുബോധത്തെ തൃപ്തിപ്പെടുത്താനാണെന്ന് കോടതിയില്‍നിന്ന് പോലും പരാമര്‍ശമുണ്ടായിട്ടും കോണ്‍ഗ്രസ് നേതാക്കളൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.

താന്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കുമ്പോള്‍ കോടതി കേസ് കൈകാര്യം ചെയ്തത് തെറ്റായിട്ടായിരുന്നെന്ന് പറയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. സര്‍ക്കാരാണ് അയാളെ പ്രോസിക്യൂട്ട് ചെയ്തത്. പക്ഷെ സ്വതന്ത്രനായ ഒരു വ്യക്തിക്ക് കേസ് കൃത്യമായല്ല കൈകാര്യം ചെയ്തതെന്ന് അഭിപ്രായപ്പെടാം: ചിദംബരം പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായം പങ്കുവെയ്ക്കുന്ന ഒരാള്‍ രാജ്യദ്രോഹിയാണെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ചിദംബരം പറഞ്ഞു.