യുഡിഎഫില്‍ തങ്ങളെ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി.ജെ.ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

single-img
24 February 2016

K-M-Mani--and-P-J-Joseph.jpg.image.784.410

കേരള കോണ്‍ഗ്രസ്-എം പിളപ്പിലേക്ക്. യുഡിഎഫില്‍ തങ്ങളെ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി.ജെ.ജോസഫ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമാണ് ജോസഫ് ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ജോസഫിന്റെ ആവശ്യത്തിനു മുഖ്യമന്ത്രി എന്തു മറുപടി നല്‍കി എന്ന് വ്യക്തമായിട്ടില്ല.

ജോസഫ്-മാണി വിഭാഗം നേതാക്കളുടെ കാലങ്ങളായി പുകഞ്ഞു നില്‍ക്കുന്ന പോരാണ് പുതിയ പിളര്‍പ്പിലേക്ക് നയിക്കുന്നത്. ബാര്‍ കോഴക്കേസില്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ ജോസഫിനോടും ഒപ്പം രാജിവയ്ക്കാന്‍ കെ.എം.മാണി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജോസഫ് ആവശ്യം തള്ളിയതു മുതല്‍ ഇരു നേതാക്കളും നല്ല ബന്ധത്തിലല്ല. ജോസഫ് വിഭാഗം നേതാക്കളെ പാര്‍ട്ടി ചെയര്‍മാന്‍ മാണി തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് തുടങ്ങിയ നേതാക്കള്‍ക്ക് പരാതിയുണ്ട്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് ലഭിക്കുന്ന കാര്യം പരുങ്ങലിലായി നില്‍ക്കേയാണ് ഇപ്പോഴത്തെ ഈ അവസ്ഥാ വിശേഷം. എന്നാല്‍ യുഡിഎഫ് വിടുന്നതിനോട് ജോസഫിനു താത്പര്യമില്ലെന്നും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് യുഡിഎഫ് വിട്ട് മറ്റ് മുന്നണിയില്‍ ചേര്‍ന്നാല്‍ ജയസാധ്യതകളെ ബാധിക്കുമെന്നാണ് ജോസഫിന്റെ അഭിപ്രായമെന്നും റിപ്പോര്‍ട്ടുകളുണ്ട്.