പിള്ളേര് പഠിച്ചാല്‍ നമുക്ക് പണികിട്ടും, അതിനാല്‍ നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ടെന്ന് ജോയ് മാത്യു

single-img
24 February 2016

joy-mathew-1

കുട്ടികള്‍ പഠിച്ചാല്‍ നമുക്ക് പണികിട്ടും, അതിനാല്‍ നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ടെന്ന് ജോയ് മാത്യു. രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാലകളിലെ അഭിപ്രായപ്രകടനങ്ങള്‍ക്കും എതിരെ നടക്കുന്ന അടിച്ചമര്‍ത്തലിനെതിരെയാണ് ജോയ് മാത്യൂ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. ജെഎന്‍യു പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാരും സംഘപരിവാറും പുലര്‍ത്തുന്ന ഫാസിസ്റ്റ് നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് കുറിപ്പിലൂടെ.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട
———————————————
നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട
ശരിക്കും അതൊരു പാഴ്ചിലവാണ്.
പിള്ളേര് പഠിച്ചുകളയും
പഠിച്ചു കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയാല്‍
പണികിട്ടും;
അവര്‍ക്കല്ല , നമുക്ക്.
വല്ല പാടത്തും പറബത്തും പണിയെടുക്കേണ്ട പിള്ളേര്‍
നമ്മുടെ ചിലവില്‍ പഠിച്ചിറങ്ങിയാല്‍
പിന്നെ പാടത്തും പറബത്തും
നമ്മള്‍ പണിയെടുക്കേണ്ടിവരും
അതാണു പറഞ്ഞത്
സര്‍വകലാശാലകള്‍ നമുക്ക് വേണ്ട.
പഠിക്കുന്ന കുട്ടികള്‍ അപകടകാരികളാണ്
അവര്‍ പെട്ടെന്ന് കാര്യങ്ങള്‍ മനസ്സിലാക്കും
അതായത് പഠിക്കാത്ത നമ്മള്‍ ആപത്ത്
ക്ഷണിച്ചു വരുത്തുന്നതു പോലെ .
ആലോചിച്ചു നോക്കൂ,
നമുക്ക് വിദ്യാഭ്യാസമുണ്ടായിട്ടാണോ
നമ്മള്‍ അധികാരത്തിലെത്തിയത് ?
അധികാരവും വിദ്യാഭ്യാസവും തമ്മില്‍
ഒരു ബന്ധവുമില്ലെന്ന്
ചരിത്രം പഠിച്ചവര്‍ക്കറിയാം
മനുഷ്യരെ തമ്മിലടിപ്പിക്കാനും
യുദ്ധം ചെയ്യിക്കാനും
പുതിയ ചോരപ്പുഴകള്‍ക്ക് ചാലുകീറാനും
വിദ്യാഭ്യാസത്തിന്റെ ആവശ്യമേയില്ല
അതുകൊണ്ടാണ് പറയുന്നത്
നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട
നോക്കൂ,
ചുളുവില്‍ ഒപ്പിക്കാവുന്ന ചില
പാഠ്യപദ്ധതികളില്ലേ,
രാഷ്ട്രീയം കളിക്കാനും വിദ്യാഭ്യാസമുണ്ടെന്നു കാണിക്കാനും!
ഇനി അതും പോരേങ്കില്‍ കഷ്ടപ്പെട്ട് പഠിക്കുന്ന പിള്ളേരുടെ
തലമണ്ടക്ക് മുകളിലൂടെ പറന്ന്
കൈക്കലാക്കാന്‍ ഡി.ലിറ്റുകള്‍ എത്ര വേണം?
അധികാരമുള്ളപ്പോള്‍ അതിനാണോ തടസ്സം!
വിദ്യാഭ്യാസമില്ലാത്ത നമ്മള്‍,
നോക്കൂ,
എത്ര അന്തസ്സായിട്ടാണ്
കാര്യങ്ങള്‍ നടത്തുന്നത്…
ഓരോ രാജ്യത്ത് ചെല്ലുബോഴും നാം
അവരുടെ രീതിക്കനുസരിച്ച് പെരുമാറുന്നു:
മാര്‍പാപ്പയെ കാണുബോള്‍ കുരിശു വരക്കാനും
അറബിയെ കാണുബോള്‍ കെട്ടിപ്പിടിച്ചുമ്മവെക്കാനും
കാപ്പിരിയെക്കാണുബോള്‍ ഒപ്പം നൃത്തം ചെയ്യാനും
സായ്പിനെ കാണുബോള്‍ കവാത്ത് മറക്കാനും
നമ്മള്‍ പഠിച്ചത് ഏതു സര്‍വ്വകലാശാലയില്‍ നിന്നാണ് ?
ഇപ്പോഴുള്ളത് അത്തരം ഗുരുകുലങ്ങളേ അല്ലെന്നേ;
ഗുരുവിന്റെ കാലു തിരുമ്മാനും
ഗുരുപത്‌നിക്കു വെള്ളം കോരാനും
ഈ പിള്ളാരെ കിട്ടില്ലത്രെ;
ഗുരുവും ശിഷ്യരും ഒറ്റക്കെട്ടാണത്രെ!
എവിടെ യുദ്ധം നടന്നാലും
ഇവര്‍ യുദ്ധവിരുദ്ധരാകും
എവിടെ സ്ത്രീകളെയും കുട്ടികളെയും ദളിതരെയും
പീഢിപ്പിക്കുന്നുവോ ഇവര്‍ ആദ്യം കലാപം തുടങ്ങും
കര്‍ഷകരേയും തൊഴിലാളികളേയും
ഇവര്‍ ആവശ്യമില്ലാതെ ബഹുമാനിച്ചുകളയും
അതേസമയം
നമ്മെ പരിഹസിക്കും
നമ്മുടെ കുപ്പായത്തിലെ സ്വര്‍ണ്ണനൂലിന്റെ എണ്ണം
തെറ്റി എന്ന് പറഞ്ഞു
നമ്മളെ അല്പന്മാരാക്കും
അതാണു പറഞ്ഞതു
നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട
ഈ പിള്ളേര് മുഴുവന്‍ രാജ്യദ്രോഹികളാ
ഫ്രാന്‍സിലും ചൈനയിലും ക്യൂബയിലും ചിലിയിലും
ഒക്കെ ഇവന്മാരാ പലതും തുടങ്ങി വെച്ചത്
അതുകൊണ്ടാണ് ഇവരെ സൂക്ഷിക്കണം എന്ന് പറയുന്നത്
അതുമല്ല,
ഇവര്‍ പുസ്തകങ്ങള്‍ എഴുതിക്കളയും
പ്രത്യേകിച്ച്, ചരിത്ര പുസ്തകങ്ങള്‍
അതില്‍ നമ്മളെ വിഡ്ഢികളും രാജ്യദ്രോഹികളുമാക്കും
പിന്നെ ഇവര്‍ പഠിച്ച് പഠിച്ചു
പലതും കണ്ടുപിടിച്ചു കളയും
എന്തിന്, ദൈവം ഇല്ല എന്ന് വരെ
ഈ പിള്ളേര്‍ സ്ഥാപിച്ചു കളയും
അതിനാല്‍ നമുക്ക് സര്‍വ്വകലാശാലകള്‍ വേണ്ട
നമുക്ക്
ഗുരുകുല വിദ്യാഭ്യാസവും
മദ്രസ പഠനവും സണ്‍ഡേ സ്‌കൂളും മതി
പിള്ളേര് പഠിച്ചാല്‍ നമുക്ക് പണികിട്ടും
അതിനാല്‍
എല്ലാ സര്‍വ്വകലാശാലകളും
തൊഴുത്തുകളാക്കുവാനും
പിള്ളേരെ മുഴുവന്‍ പശുപാലകരാക്കുവാനും
നമുക്ക് തീരുമാനിക്കാം
വരുംകാലത്ത് ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍
നിന്നും തലപൊക്കി നോക്കുബോള്‍
നമുക്കു കാണാന്‍
ഒരു തൊഴുത്ത്.