വന്‍ സമ്പത്തിനു നടുവില്‍ ദാനം നല്‍കാന്‍ മനസ്സില്ലാതെ വിശ്രമിക്കുന്നവര്‍ കാണുക, കഷ്ടപ്പാടിനിടയിലും സഹജീവി സ്‌നേഹം കാണുന്ന ഈ മനസ്സുകളെ

single-img
23 February 2016

Ammini

വന്‍ സമ്പത്തിനു നടുവില്‍ ദാനം നല്‍കാന്‍ മനസ്സില്ലാതെ വിശ്രമിക്കുന്നവര്‍ക്ക് ഇടുക്കിയില്‍ നിന്നൊരു മാതൃക. കുമിളി ചക്കുപള്ളം പഞ്ചായത്തില്‍ അണക്കര അമ്പലമേട് ഭാഗത്തു താമസിക്കുന്ന കളപ്പുരയ്ക്കല്‍ അമ്മിണിയും മകള്‍ ബിന്ദുവും തങ്ങള്‍ക്ക് സ്വന്തമായുള്ള 10 സെന്റില്‍ നിന്നും മൂന്നു സെന്റ് വസ്തു മറ്റൊരു നിര്‍ദ്ധന കുടുംബത്തിന് വിടുനിര്‍മ്മിക്കാന്‍ നല്‍കി.

ദാരിരദ്യവും രോഗവും വിടാതെ പിന്തുടരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ദാനകര്‍മ്മം നടന്നത്. അമ്മിണിയും മകളും കൊച്ചുമകളും രോഗികളാണ്. 10 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടായിരുന്നെങ്കിലും ഒരു വീടു നിര്‍മിക്കാന്‍ വകയില്ലാത്തതിനാല്‍ 12 വര്‍ഷമായി വാടക വീട്ടിലിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ചികില്‍സയ്ക്കു പണം വേണ്ടിവരുന്നതിനാല്‍ വാടക പലപ്പോഴും കൃത്യമായി നല്‍കാന്‍ പോലും ഇവര്‍ക്കു കഴിഞ്ഞിരുന്നില്ല.

ഈ കുടുംബത്തിന്റെ കഷ്ടപ്പാട് മനസ്സിലാക്കിയ അണക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മ ഇവര്‍ക്ക് വീടുവെച്ചു നല്‍കി സഹായിക്കുകയായിരുന്നു. എന്നാല്‍ വീടില്ലാത്തവരുടെ വേദന സ്വന്തം ജീവിതം ശകാണ്ടു തന്നെ അനുഭവിച്ചറിഞ്ഞ അമ്മിണിയമ്മ തന്റെ ആകെയുള്ള 10 സെന്റ് സ്ഥലത്തില്‍ മൂന്നു സെന്റ് ഒരു നിര്‍ധന കുടുംബത്തിനു വീടു നിര്‍മിച്ചുനല്‍കാന്‍ ദാനം ചെയ്യുകയായിരുന്നു. തനിക്കൊരു വീടുണ്ടാക്കി തന്ന അമ്മയ്‌ക്കൊരുമ്മ കൂട്ടായ്മ സംഘത്തിനോടു തന്നെ അവിശട താമസിക്കാന്‍ അര്‍ഹരായവരെ കണ്ടുപിടിക്കാനും അമ്മിണി ഏല്‍പ്പിച്ചു.

അന്വേഷണത്തിനൊടുവില്‍
ചക്കുപള്ളം കീരിമുക്കു ഭാഗത്ത് 25 വര്‍ഷമായി വാടകയ്ക്കു താമസിക്കുന്ന പ്രായമായ ഏശയ്യയ്ക്ക് സംഘടനയുടെ നേതൃത്വത്തില്‍ ഈ സ്ഥലം കൈമാറി. അമ്മയ്‌ക്കൊരുമ്മ പ്രവര്‍ത്തകര്‍ തന്നെ നിര്‍ധനരായ ഇവര്‍ക്ക് ഇവിടെ വീടുനിര്‍മിച്ചുനല്‍കാനുള്ള ശ്രമത്തിലാണ് .