പാംപോര്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു; ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൂടി വീരമൃത്യുവരിച്ചു

single-img
22 February 2016

2016_pampore

സുരക്ഷാസേനയും ഭീകരരും തമ്മില്‍ ജമ്മു കാശ്മീരിലെ പാംപോറില്‍ നടന്ന ഏറ്റുമുട്ടല്‍ തുടരുന്നു. ഞായറാഴ്ച രാത്രിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ രണ്ടു ദിവസമായി തുടരുന്ന പോരാട്ടത്തില്‍ മരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഉധംപൂരില്‍ നിന്നുള്ള സിആര്‍പിഎഫ് ക്യാപ്റ്റന്‍ തുഷാര്‍ മഹാജനാണ് മരിച്ചത്.

പുല്‍വാമ ജില്ലയില്‍ പാംപൂരിലുള്ള എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് (ഇഡിഐ) കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താന്‍ സൈന്യം അവസാന ഘട്ട ശ്രമത്തിലാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ വെടിവയ്പ്പാണ് മേഖലയില്‍ നടക്കുന്നത്. മൂന്നോ അഞ്ചോ ഭീകരര്‍ കെട്ടിടത്തിലുണ്ടാവുമെന്നാണ് സൈന്യം കരുതുന്നത്.

ശനിയാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തെ ഭീകരര്‍ ആക്രമിച്ചതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.