എനിക്കുള്ളത് ഒരേയൊരു മകന്‍, അവെന ഞാന്‍ രാജ്യത്തിനായി നല്‍കുന്നു; കാശ്മീരില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ പവന്‍കുമാറിന്റെ പിതാവ് രജ്ബീര്‍ സിങ്

single-img
22 February 2016

1456111715-7802

എനിക്കുള്ളത് ഒരേയൊരു മകന്‍, അവെന ഞാന്‍ രാജ്യത്തിനായി നല്‍കുന്നു. അക്കാര്യത്തില്‍ ലോകത്തിലെ ഏറ്റവും അഭിമാനമുള്ള പിതാവായി ഞാന്‍ മാറുന്നു. കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച ക്യാപ്റ്റന്‍ പവന്‍കുമാറിന്റെ പിതാവ് രജ്ബീര്‍ സിങിന്റെ വാക്കുകളാണിത്്.

1993 ഫെബ്രുവരി 15ന് കരസേനാദിനത്തിലാണ് അവന്റെ ജനനം . അതുകൊണ്ടുതന്നെ അവന്‍ പട്ടാളക്കാരനാകാന്‍ ജനിച്ചവനാണ്. ആ പിതാവ് പറയുന്നു. മകന്റെ വേര്‍പാടു മൂലമുണ്ടായ തീവ്രദുഃഖത്തിനിടയിലും ആ പിതാവ് അഭിമാനപൂരിതനാണ്. മൂന്നു വര്‍ഷം മുന്‍പു മാത്രമാണു പവന്‍കുമാര്‍ കരസേനയില്‍ ചേര്‍ന്നതെങ്കിലും ഇതിനോടകംതന്നെ പ്രായത്തില്‍ കവിഞ്ഞ പക്വതയും ധീരതയുമായി രാജ്യത്തിനുവേണ്ടി ഉജ്വലസേവനമാണു കാഴ്ചവെച്ചുവെന്ന് സര്‍വ്വീസ് റിക്കോര്‍ഡുകള്‍ പറയുന്നു.

പവന്‍കുമാര്‍ ഇതിനു മുന്‍പു രണ്ടു ഭീകരവിരുദ്ധ വേട്ടകളില്‍ പങ്കെടുത്തിരുന്നു. സൈന്യത്തിനു മൂന്നു ഭീകരരെ വധിക്കാനായ ഏറ്റുമുട്ടലുകളായിരുന്നു അവ. ”ഊര്‍ജസ്വലനായ ഓഫിസറായിരുന്നു പവന്‍കുമാര്‍; യഥാര്‍ഥ കമാന്‍ഡറും.” ലഫ്. ജനറല്‍ എസ്. കെ. ദുവ പറയുന്നു.

ഹരിയാനയിലെ ജിന്‍ഡ് സ്വദേശിയായ പവന്‍കുമാര്‍ (22) ജാട്ട് കുടുംബാംഗമാണ്. ജെഎന്‍യുവില്‍നിന്നുമാണ് പവന്‍കുമാര്‍ ബിരുദം നേടിയത്. വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ പവന്‍കുമാറിന് ജാട്ട് പ്രക്ഷോഭം നടക്കുന്ന ഹരിയാനയിലെ ജനങ്ങള്‍ ഉചിതമായ അന്ത്യാഞ്ജലി നല്‍കണമെന്നു സൈന്യവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.