യാത്രക്കാരനെ രാത്രിയില്‍ പറഞ്ഞ സ്റ്റോപ്പില്‍ ഇറക്കിക്കൊടുക്കാത്ത കണ്ടക്ടര്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കി

single-img
22 February 2016

ksrtc

രാത്രിയില്‍ യാത്രക്കാരന്‍ ആവശ്യപ്പെടുന്ന സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് നിയമം നിലവിലുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. അതിനെ തുടര്‍ന്ന് യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ ചില്ലറയല്ല. ആ വിഷമങ്ങള്‍ക്കു മേല്‍ ആശ്വാസം പകരുന്നതാണ് ആലതതൂരില്‍ നിന്നുള്ള വാര്‍ത്ത.

രാത്രിയില്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തി കൊടുത്തില്ലെന്ന പരാതിയില്‍ ഉപഭോക്തൃ സംഘടന ഇടപെട്ടതിനെ തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കി. കിഴക്കഞ്ചേരി ഇളവം പാടം പതിയാന്‍ വീട്ടില്‍ ബെന്നിവര്‍ഗീസിന്റെ പരാതിയില്‍ ആലത്തൂര്‍ ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് അയച്ച നോട്ടീസിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരമായത്.

പാലക്കാട്ടു നിന്ന് രാത്രി വടക്കഞ്ചേരിയിലേക്ക് യാത്ര ചെയ്ത ബെന്നി വര്‍ഗീസിനെ മംഗലം പാലം സ്റ്റോപ്പില്‍ ഇറക്കി വിടണമെന്ന ആവശ്യം കണ്ടക്ടര്‍ നിരസിക്കുകയായിരുന്നു. ചെറുപുഷ്പം സ്റ്റോപ്പിലാണ് ബെന്നിയെ ഇറക്കിയത്. മംഗലം പാലം സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നുവെങ്കില്‍ വണ്ടാഴി വഴിയുള്ള ബസില്‍ തുടര്‍യാത്ര ചെയ്യാമായിരുന്നു എന്ന് കാട്ടി ബെന്നിവര്‍ഗീസ് പരാതി നല്‍കുകയായിരുന്നു.

പറഞ്ഞ സ്‌റ്റോപ്പില്‍ ഇറക്കിവിടാത്തതിനാല്‍ ഓട്ടോറിക്ഷ യാത്രക്കൂലി 120 രൂപയും പരാതി പെടാന്‍ വന്ന ചെലവ് 100 രൂപ ഉള്‍പ്പടെ 220 രൂപ കണ്ടക്ടറില്‍ നിന്ന് ഈടാക്കി മണി ഓര്‍ഡറായി പരാതിക്കാരന് അയച്ചുകൊടുക്കുകയായിരുന്നു.