തിരുവനന്തപുരം ആര്‍.സി.സിയില്‍ ഗുരുതരാവസ്ഥയില്‍ എത്തിച്ച രോഗിയെ അകതേക്ക് കയറ്റി വിടാതെ ഗേറ്റില്‍ തടഞ്ഞു നിര്‍ത്തി സെക്യുരിറ്റി ജീവനക്കാരന്‍

single-img
19 February 2016

RCC

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന ആരോഗ്യമേഖലയില്‍ നടക്കുന്നത് തികച്ചും അശ്രദ്ധമായ നടപടിക്രമങ്ങള്‍. ആശുപത്രിയില്‍ രോഗിയുടെ ജീവന്‍രക്ഷിക്കാന്‍ ഓടിയെത്തുന്നവരെ തന്നിഷ്ടപ്രകാരം മാത്രം ആശുപത്രിക്കുള്ളിലേക്ക് കടത്തിവിടുന്ന സെക്യൂരിറ്റി ജീവനക്കാര്‍ ഇപ്പോള്‍ രോഗിയുടെ മരണംപോലും സ്ഥിരീകരിക്കുന്നു. തിരുവനന്തപുരം ആര്‍.സി.സിയില്‍ കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയില്‍ ആംബുലന്‍സില്‍ എത്തിച്ച രോഗിയെ സെക്യുരിറ്റി ജീവനക്കാരന്റെ പിടിവാശിമൂലം ആശുപത്രിക്കുള്ളിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സംഭവിച്ചത് മരണവും.

108 ആംബുലന്‍സിന്റെ ബാക്ക് അപ്പ് പൈലറ്റായ നിഖില്‍, ബാക്ക് അപ്പ് ഇ.എം.ടി ജ്യോതിഷ് എന്നിവര്‍ക്കാണ് കഴിഞ്ഞദിവസം ഈ ദുര്യോഗം നേരിട്ടത്. രോഗിയെ സെക്യൂരിറ്റിക്കാരന്‍ തടയാതിരുന്നെങ്കില്‍, അകത്തുകയറ്റി വിദഗ്ദ ചികിത്സ നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ തിരിച്ചു കിട്ടുമായിരുന്നെന്ന് നിഖില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തിരഞ്ഞെടുപ്പ് അടുത്തത്തോടു കൂടി ആരോഗ്യമേഖലയ്ക്ക് കോടികള്‍ വാരിയെറിയുന്ന അധികൃതര്‍ കാണാന്‍.. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ഇന്നു രാവിലെ നടന്ന കാഴ്ചയാണ്. മെഡിസിന്‍ പഠിച്ചവന്‍ പോലും ഇവനൊക്കെ പറയുന്നത് കേട്ടു മാറി നില്‍ക്കേണ്ട ഗതി. ഒരു ജീവന് വില നല്‍കാത്ത നാട്ടില്‍ എന്തിനിങ്ങനെ കുറെ സംവിധാനങ്ങള്‍.

ഇന്നു(19-2-2016) രാവിലെ അഞ്ചു മണിയോടുകൂടി കരമന സ്‌കൂളിനു സമീപം ഒരു വീട്ടില്‍ നിന്നും ഞങ്ങള്‍ക്ക് കാള്‍ കിട്ടി. ആര്‍.സി.സിയില്‍ ചികിത്സയിലുള്ള രോഗിക്കു ശ്വാസ തടസം നേരിടുന്നു സീരിയസ് ആണെന്ന്. 108ലെ കണ്ട്രോള്‍ റൂം ജീവനകാര്‍ക്കും ഞങ്ങള്‍ ഫീല്‍ഡ് സ്റ്റാഫുകള്‍ക്കും ഒരു ജീവന്റെ വില നല്ലപോലെ അറിയാവുന്നത് കൊണ്ടു ”ആര്‍.ടി.എ ഒണ്‍ലി” ആയിരുന്ന ഞങ്ങള്‍ ആ കേസ് എടുക്കാന്‍ തീരുമാനിച്ചു. അഞ്ചു മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തി രോഗിയെ പരിശോധിക്കവേ സ്ഥിതി മോശമാണെന്ന് മനസിലായി. ബ്ലഡ് കാന്‍സറിനെ തുടര്‍ന്ന് ആര്‍.സി.സിയില്‍ ചികിത്സയിലുള്ള രോഗിയാണ്. പുള്ളിയെ വീട്ടിലും ഓക്‌സിജന്‍ സഹായത്തോടെയാണ് കിടത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ആളെ ആംബുലന്‍സിലേക്ക് മാറ്റി ഓക്‌സിജന്‍ കണക്റ്റ് ചെയ്തു. വണ്ടിക്കു ഉള്ളില്‍ വെച്ച് തന്നെ രോഗിയുടെ ആരോഗ്യ സ്ഥിതി മോശമായികൊണ്ടിരുന്നു. ഞങ്ങളെ കൊണ്ടു പറ്റുന്ന വേഗത്തില്‍ രോഗിയെ ആര്‍.സി.സി.യില്‍ എത്തിച്ചു. എന്നാല്‍ ആംബുലന്‍സില്‍ നിന്നും രോഗിയെ ഇറക്കി ആശുപത്രിക്ക് ഉള്ളിലേക്ക് കയറ്റവെ വരാന്തയില്‍ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി തടഞ്ഞു.

ഡോക്ടര്‍ വന്നു പരിശോധിക്കാതെ അകത്തു കയറ്റാന്‍ പറ്റില്ലാ എന്നു പറഞ്ഞു. മിനിട്ടുകള്‍ കഴിഞ്ഞു വന്ന നേഴ്‌സിനോട് രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ഓക്‌സിജന്‍ കൊടുക്കണമെന്നും എന്നോടൊപ്പമുണ്ടായിരുന്ന ഇ.എം.ടി ജ്യോതിഷ് പറഞ്ഞു. അതു കേട്ടു അവര്‍ ഡോക്ടറിനെ വിളിക്കാന്‍ പോയി. ഒരു ജീവന്റെ വില അറിയാവുന്ന ഞങ്ങള്‍ ഇതിനിടെ രോഗിയുടെ സ്ഥിതി കണ്ടു വീണ്ടും ട്രോളി അകത്തു കയറ്റാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി തടഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞു ഡോക്ടര്‍ വന്നു നോകിയിട്ടു ആളെ വരാന്തയില്‍ നിന്നും ആശുപത്രിക്ക് അകത്തേക്ക് കയറ്റാന്‍ പറഞ്ഞു. എന്നിട്ട് പരിശോധന നടത്തി സ്ഥിരം ഡയലോഗ് ”ആളു മരിച്ചിട്ട് കുറച്ചു നേരം ആയി”………. അപ്പോഴേക്കും ഞങ്ങള്‍ അവിടെ എത്തിയിട്ട് പതിനഞ്ചു മിനിറ്റ് കഴിഞ്ഞിരുന്നു. ഞങ്ങള്‍ ഇറക്കാന്‍ നേരത്ത് ജീവന്റെ ചെറു തുടുപ്പ് ശരീരത്തില്‍ ഉണ്ടായിരുന്ന അഷറഫ് എന്ന ആ മനുഷ്യനെ അകത്തു കയറ്റി വേണ്ട രീതിയില്‍ പരിചരണം നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ ജീവന്‍ നിലനിറുത്താന്‍ കഴിയുമായിരുന്നു.

എല്ലാം കഴിഞ്ഞു പോകാന്‍ തുടങ്ങിയ ഞങ്ങളോട് സെക്യൂരിറ്റി വക ഡയലോഗ് ”കണ്ടപ്പഴേ എനിക്ക് മനസ്സിലായി ആളു മരിച്ചെന്നു”. ഡോക്റ്റര്‍ പറഞ്ഞു മരിച്ചു വരുന്നവരെ അകത്തു കയറ്റണ്ട പുറത്തു വെച്ച് പരിശോധിച്ച് പറഞ്ഞയക്കാന്‍ എന്ന്….. അപ്പൊ ഒരു കാര്യം മനസിലായി കഷ്ട്ടപ്പെട്ടു നേഴ്‌സിംഗ് പഠിച്ചു ജോലി ചെയ്യുന്നവരെകാള്‍ ഒരാള്‍ മരിച്ചു എന്ന് നോട്ടത്തിലൂടെ മനസിലാക്കാനുള്ള കാഴിവ് ആ സെക്യൂരിറ്റിക്കു ഉണ്ടെന്ന്. ഇതു മിക്കവാറുമുള്ള ആര്‍.സി.സി.യിലെ കാഴ്ചയാണ്… അവിടെ വെച്ച് ഞങ്ങള്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നെങ്കില്‍ അവനൊക്കെ വേണ്ടി നാളെ കോടി പിടിക്കാനും സമരം നടത്താനും കുറേപ്പേര്‍ വരും… പക്ഷെ ഇതു ഒരു ഉന്നതനോ ആര്‍.സി.സിയിലെ ഏതെങ്കിലും ജീവനക്കാരന്റെ ബന്ധുവോ ആയിരുന്നെങ്കില്‍ ഇവന്മാര്‍ ഈ പോക്കിരിത്തരം കാണിക്കുമോ… പാവപ്പെട്ടവനോടല്ലേ ഇതൊക്കെ കാണിക്കാന്‍ പറ്റു. എന്തായാലും ആളെ കൃത്യ സമയത്ത് കൊണ്ടു എത്തിക്കുക എന്ന ഞങ്ങളുടെ ജോലി ഭംഗിയായി ചെയ്യാന്‍ പറ്റി……..

ഇതിനോടൊപ്പം സംഭവത്തിന്റെ വീഡിയോ ഇട്ടിട്ടുണ്ട് അതില്‍ തൊപ്പി വെയ്ക്കാതെ നില്‍ക്കുന്ന സെക്യൂരിറ്റി സാര്‍ ആണു ഒറ്റ നോട്ടത്തില്‍ ആളു മരിച്ചെന്നു കണ്ടെത്തിയ മഹാന്‍… ഐ.സി.യു ആംബുലന്‍സില്‍ അത്യാസന നിലയില്‍ കൊണ്ടു വന്ന രോഗിയെ വഴിയില്‍ കിടത്തിയ മഹാന്‍

എന്ന്
നിഖില്‍, ബാക്ക് അപ്പ് പൈലറ്റ്, 108 ആംബുലന്‍സ്
ജ്യോതിഷ്, ബാക്ക് അപ്പ് ഇ.എം.ടി, 108 ആംബുലന്‍സ്

https://www.facebook.com/nikhiljanmabhumi/videos/1059616170757045