ക്ഷേത്രക്കുളത്തില്‍ ദളിതന്‍ കുളിച്ചെന്ന കാരണത്താല്‍ ശുദ്ധികര്‍മ്മം ചെയ്ത് പുണ്യാഹം തളിച്ചു

single-img
19 February 2016

golaka2

ക്ഷേത്രക്കുളത്തില്‍ ദളിതന്‍ കുളിച്ചെന്ന കാരണത്താല്‍ ശുദ്ധികര്‍മ്മം ചെയ്ത് പുണ്യാഹം തളിച്ചു. കൊയിലാണ്ടിയിലെ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളവുമായി ബന്ധപ്പെട്ടാണ് ദളിത് സംഘടനാ നേതാക്കളുടെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശുദ്ധികര്‍മ്മം ചെയ്ത് പുണ്യാഹം തളിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എയും, പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്തതായും ദളിത് സംഘടനാ നേതാക്കള്‍ പറയുന്നു.

വര്‍ഷങ്ങളായി കാടുംപടലവും പിടിച്ച് നശിച്ചു കിടന്നിരുന്ന കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളം നവീകരിക്കാനായി അയ്യപ്പസേവാ സമിതിക്കാരുടെ സഹകരണത്തോടെ ഒരു കമ്മിറ്റി രൂപീകരിക്കുയും ഈ കമ്മിറ്റിയുടെ പ്രസിഡന്റായി ഒരു ദളിതനെ തെരഞ്ഞെടുക്കുകയും ചെയ്തു. നവീകരണ പ്രവൃത്തികള്‍ നടന്നുവരവെ ഒന്നാംഘട്ട പ്രവൃത്തി കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് ദളിതനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുകയും അതിനു ശേഷം നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി 2015 ഒക്റ്റോബര്‍ 17ന് ക്ഷേത്രം ഭാരവാഹികളുടെയും, കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ക്ഷേത്രക്കുളം സമര്‍പ്പണം നടത്തുകയുമായിരുന്നു.

ക്ഷേത്രക്കുള സമര്‍പ്പണ ചടങ്ങില്‍ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഞ്ചു ബ്രാഹ്മണരാണ് മുഴുവന്‍ പൂജാദി കര്‍മ്മങ്ങളും ശുദ്ധികര്‍മ്മങ്ങളും നടത്തിയത്. ഈ ബ്രാഹ്മണര്‍ക്കും ക്ഷേത്രം തന്ത്രിക്കും ദക്ഷിണ നല്‍കിയതും ആദ്യ സ്നാനം നടത്തിയതും നേരത്തെ പ്രസിഡന്റായിരുന്ന ദളിതനായിരുന്നു. ഇതില്‍ അസംതൃപ്തരായ കുറെപേര്‍ സംഘടിച്ച് ജനുവരി 26ന് ക്ഷേത്രം കമ്മിറ്റിയും, തന്ത്രിയും അറിയാതെ ക്ഷേത്രം മുന്‍ശാന്തിക്കാരനെ കൊണ്ട് ശുദ്ധി ക്രിയകള്‍ ചെയ്യിപ്പിച്ച് പുണ്യാഹം തളിച്ച് കുളം പുനര്‍സമര്‍പ്പണം നടത്തിയെന്നാണ് പരാതി.

ഈ ചടങ്ങില്‍ ആദ്യസ്നാനം സവര്‍ണരെക്കൊണ്ട് നടത്തിക്കുകയും ചെയ്തെന്നാണ് ആരോപണം. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരനാണ് പുനര്‍സമര്‍പ്പണം നടത്തിയത്. മുന്‍ എംഎല്‍എ പി.വിശ്വനും ചടങ്ങില്‍ പങ്കെടുത്തതായി ഇവര്‍ ആരോപിക്കുന്നു.