വര്‍ത്തമാനകാല നയങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഐ.റ്റി സെല്‍ സ്ഥാപകന്‍ പ്രദ്യുത് ബോറ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

single-img
19 February 2016

bora-main

വര്‍ത്തമാനകാല നയങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഐ.റ്റി സെല്‍ സ്ഥാപകന്‍ പ്രദ്യുത് ബോറ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ബി.ജെ.പിയുടെ നാഷണല്‍ എക്സിക്യുട്ടീവില്‍ നിന്ന് രാജിവച്ച ബോറ പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചു.

താന്‍ 2004ല്‍ ചേര്‍ന്ന പാര്‍ട്ടിയല്ല ഇപ്പോഴത്തേതെന്നും ഏത് വിധേനയും അധികാരം പിടിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ബി.ജെ.പിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോറ തന്റെ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചു കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ശൈലിയില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് ബോറ പാര്‍ട്ടി വിട്ടത്. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ പ്രധാനമന്ത്രി നശിപ്പിച്ചുവെന്ന് നാല് പേജുള്ള രാജിക്കത്തില്‍ ബോറ കുറ്റപ്പെടുത്തി.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ വ്യക്തി കേന്ദ്രീകൃത നിലപാടുകളെയും ബോറ രൂക്ഷമായി വിമര്‍ശിച്ചു.

അസമില്‍ നിന്നുള്ള നേതാവാണ് പ്രദ്യുത് ബോറ. ബി.ജെ.പിയില്‍ നിന്ന് രാജിവച്ചതോടെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, അസം ഗണതന്ത്ര പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് ക്ഷണം ലഭിച്ചതായി ബോറ പറഞ്ഞു.