ഗതാഗത കമ്മീഷണര്‍ എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പി സെന്‍കുമാറിന്റെ കത്ത്

single-img
18 February 2016

1451974904_1451974904_dgp

ഗതാഗത കമ്മീഷണര്‍ എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പി സെന്‍കുമാറിന്റെ കത്ത്. റോഡ് സുരക്ഷയ്ക്കായുളള ഫണ്ടുകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഗതാഗത കമ്മീഷണര്‍ അനുവദിക്കുന്നില്ലെന്ന് കാട്ടിയാണ് ഡി.ജി.പി കത്ത് അയച്ചിരിക്കുന്നത്.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിയന്തരമായി പണം ലഭിക്കാത്തതിനാല്‍ അവതാളത്തിലാകുന്നുവെന്നും, അതിനാല്‍ അപകടനിരക്കുകള്‍ ഏറാനുളള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും കത്തില്‍ ഡിജിപി സെന്‍കുമാര്‍ വ്യക്തമാക്കുന്നു. കത്തില്‍ ടോമിന്‍ തച്ചങ്കരിയുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അരോപണങ്ങള്‍ തച്ചങ്കരിക്ക് നേരെ തന്നെയാണെന്നുള്ളത് വ്യക്തമാണ്.

ട്രാഫിക് പരിശീലനത്തിനുളള ഫണ്ടുകള്‍ അനുവദിക്കുന്നത് റോഡ് സുരക്ഷ അതോറിറ്റിയാണ്. റോഡ് സുരക്ഷ അതോറിറ്റിക്ക് പണം ലഭിക്കുന്നത് ട്രാഫിക് നിയമലംഘനങ്ങളില്‍ നിന്നും പൊലീസ് പിരിച്ചെടുക്കുന്ന തുകയില്‍ നിന്നുമാണ്. കഴിഞ്ഞ വര്‍ഷം 84 കോടി രൂപയാണ് ട്രാഫിക് നിയമലംഘനങ്ങളില്‍ നിന്ന് സംസ്ഥാനത്ത് പിരിഞ്ഞുകിട്ടയത്. ഇതിന്റെ 50 ശതമാനം റോഡ് സുരക്ഷ അതോറിറ്റിക്ക് ലഭിക്കുകയും ചെയ്യും.

ഇതില്‍നിന്നുമാണ് ട്രാഫിക് കിറ്റ് വിതരണം, ട്രാഫിക് പരിശീലന പരിപാടികള്‍ എന്നിവയ്ക്കുളള തുക വകയിരുത്തുന്നതും. എന്നാല ഡിജിപി നിരന്തരം ആവശ്യപ്പെട്ടിട്ടും ഫണ്ട് അനുവദിക്കുന്നില്ലെന്നും തുടര്‍ന്ന് ആഭ്യന്തര മന്ത്രി ആവിഷ്‌കരിച്ച ശുഭയാത്ര പദ്ധതിപോലും അവതാളത്തിലായെന്നും കാട്ടിയാണ് സെന്‍കുമാര്‍ കത്ത് അയച്ചിരിക്കുന്നത്.