മറ്റുള്ളവര്‍ക്കുവേണ്ടി എന്റെ അവയവങ്ങള്‍ എടുക്കുക; അപകടത്തില്‍പ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം ശരീരം തകര്‍ന്ന ഹരീഷ് അവസാനമായി പറഞ്ഞത് ഇതായിരുന്നു

single-img
18 February 2016

Harish Nejappa

എന്റെ അവയവങ്ങള്‍ എടുക്കുക, മറ്റുള്ളവരെ ജീവിപ്പിക്കാന്‍ അതു സഹായിക്കും: അപകടത്തില്‍പ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം ശരീരം തകര്‍ന്ന ഹരീഷ് നെഞ്ചപ്പ ജീവന്‍ പോകുന്നതിനു മുമ്പ് അവസാനമായി പറഞ്ഞത് ഇതായിരുന്നു. ബംഗളൂരുവിലാണ് സംഭവം.

നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹരീഷ് നെഞ്ചപ്പ എന്ന യുവാവാണ് അപകത്തില്‍പ്പെട്ട് മരണത്തെ മുഖാമുഖം കാണുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി സംസാരിച്ചത്. തന്റെ സ്വദേശമായ തുമാകുരുവില്‍ നിന്നും തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഹരീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഹൈവേയില്‍ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഹരീഷിന്റെ ദേഹം രണ്ടായി പിളര്‍ന്നിരുന്നു. എന്നാല്‍ ബോധം നശിച്ചിരുന്നില്ല. അപകടത്തില്‍പ്പെട്ടു കിടന്ന ഹരീഷിനെ ആശുപത്രിയിലെത്തിക്കാന്‍ ആ സമയത്ത് ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ പൊലീസെത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയിട്ടും മറയാതെ വേദന തിന്ന ഹരീഷ് തന്റെ അവയങ്ങള്‍ എടുത്തുകൊള്ളാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഏതാനും മിനിറ്റുകള്‍ക്കകം ഹരീഷ് മരിക്കുകയും ചെയ്തു. ബൈക്ക് യാത്രാവേളയില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലയ്ക്ക് കേടുപാടു പറ്റിയില്ല. അതിനാല്‍ കണ്ണുകള്‍ മാത്രമാണ് ദാനം ചെയ്യാനായത്. ബാക്കി അവയവങ്ങളെല്ലാം അപകടത്തില്‍ കേടുപാടു പറ്റിയിരുന്നതിനാല്‍ എടുക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ഭീകരമായി അപകടം പറ്റിയ സമയത്തും തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കാട്ടിയ ആച മനസ്സിനാണ് ഡോക്ടര്‍മാര്‍ ആദരം അര്‍പ്പിക്കുന്നത്.