ഫ്രീഡം 251 മൊബൈലിന് കേന്ദ്രസര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി മേധാവി

single-img
18 February 2016

img_freedom251

നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിംഗിങ് ബെല്ലിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലോ വില്‍പനയിലോ കേന്ദ്രസര്‍ക്കാറിനു പങ്കില്ലെന്ന് കമ്പനി മേധാവിയുടെ വെളിപ്പെടുത്തല്‍. 251 രൂപയ്ക്ക് ഫോണ്‍ നല്‍കാന്‍ കഴിയുന്നത് കേന്ദ്രസര്‍ക്കാറിന്റെ സഹായം കൊണ്ടാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നതിശന തുടര്‍ന്നാണ് വിശദീകരണവുമായി കമ്പനി മേധാവി തന്നെ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ബിജെപി എംപി മുരളി മനോഹര്‍ ജോഷിയാണ് പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചത്.ഫ്രീഡം 251 അവതരണ വേദയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ നിറഞ്ഞുനിന്നതാണ് സംശയത്തിനിടയാക്കിയത്.

എന്നാല്‍, പുതിയ ഹാന്‍ഡ്‌സെറ്റിന്റെ ഭാഗങ്ങള്‍ എവിടെയാണ് നിര്‍മ്മിച്ചതെന്ന് കമ്പനി വ്യക്തമാക്കിയില്ല. ഹാന്‍ഡ്‌സെറ്റിലെ ചിപ്‌സെറ്റ് തായ്വാനില്‍ നിന്നു ഇറക്കുമതി ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഒരു വര്‍ഷത്തിനകം ഫ്രീഡം 251 ന്റെ 70 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് പദ്ധതിയെന്നും കമ്പനി വക്താവ് അറിയിച്ചു. ഇന്ത്യയില്‍ രണ്ടു നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിലേക്കായി 500 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനിക്കു പദ്ധതിയുണ്ട്.

ഓരോ മാസവും അഞ്ചു ലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും വക്താവ് അറിയിച്ചു. ഫ്രീഡം 251 നു സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നില്ലെന്നും വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ പേരിലാണ് മുരളി മനോഹര്‍ ജോഷിയെ ചടങ്ങിനു വിളിച്ചതെന്നും കമ്പനി മേധാവി വെളിപ്പെടുത്തി.