അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു.

single-img
17 February 2016

kakkattil650_1

പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അക്ബർ കക്കട്ടിൽ അന്തരിച്ചു. 62 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

പുലര്‍ച്ചയോടെയാണ് മരിച്ചത്.നോവലുകളും ചെറുകഥകളും ഉള്‍പ്പെടെ 54 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അധ്യാപക കഥകള്‍ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വ്വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ്.

നാഷണൽ ബുക്ക് ട്രസ്റ്റിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും മലയാളം ഉപദേശക സമിതി അംഗം, സംസ്ഥാന സാക്ഷരതാ മിഷൻ മാസികയായ അക്ഷരകൈരളിയുടെ പത്രാധിപസമിതി അംഗം, കേന്ദ്ര സർക്കാറിന്‍റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്) കരിക്കുലം കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഭരണസമിതിയംഗം ആയിരുന്നു.

കോഴിക്കോട് ടൗൺ ഹാളിൽ രാവിലെ ഒമ്പത് മുതൽ 11.30 മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് കക്കട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരത്തിൽ മൂന്നു മുതൽ അഞ്ചു മണിവരെ ആദരാഞ്ജലി അർപ്പിക്കാം. വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ടോത്ത്കുനി ജുമാഅത്ത് മസ്ജിദിൽ ഖബറടക്കും. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന.