ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലക്ക് പിന്തുണയുമായി അന്താരാഷ്ട്ര സർവകലാശാലകളിലെ വിദ്യാഭ്യാസ വിചക്ഷണരും

single-img
16 February 2016

jnu-protest7592ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ വിട്ടയ്ക്കണമെന്നു ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നതിനിടെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലക്ക് പിന്തുണയുമായി അന്താരാഷ്ട്ര സർവകലാശാലകളിലെ വിദ്യാഭ്യാസ വിചക്ഷണരും രംഗത്ത് എത്തി.ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായിട്ടാണ് വിദ്യാഭ്യാസ വിചക്ഷണര്‍ രംഗത്തെത്തിയത്.

ആഗോള സര്‍വ്വകലാശാലകളില്‍ നിന്നുള്ള 455 പണ്ഡിതര്‍ ഒപ്പുവെച്ച ഒറ്റ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രിട്ടിക്കല്‍ ചിന്താഗതി, ജനാധിപത്യപരമായ അഭിപ്രായവ്യത്യാസം, സ്റ്റുഡന്റ് ആക്ടിവിസം, രാഷ്ട്രീയനിലപാടുകള്‍ എന്നിവകളെ തകര്‍ക്കാനാണ് ജെഎന്‍യു വിഷയത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നതല്ല. ലോകത്തിന്റെ പല യൂണിവേഴ്‌സിറ്റികളിലും സമാനമായ സംഭവങ്ങളുണ്ടാകുന്നുണ്ടെന്ന് അക്കാദമിക് രംഗത്തെ വിദഗ്ധർ പ്രസ്താവനയില്‍ വ്യക്തമാക്കി.

കൊളംബിയ, യലേ, ഹവാര്‍ഡ്, കേംബ്രിഡ്ജ് തുടങ്ങിയവയടക്കമുള്ള അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരാണു ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലക്ക് പിന്തുണയുമായി എത്തിയത്.

അതിനിടെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല അധ്യാപകരും രംഗത്തെത്തി. ജനാധിപത്യ വിരുദ്ധമായി പട്യാല ഹൌസ് കോടതിയില്‍ അരങ്ങേറിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. നൂറിലധികം അധ്യാപകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു.