അന്യനാട്ടുകാരനായ യാത്രക്കാരന്റെ ജീവനുവേണ്ടി സ്വന്തം ഓട്ടോറീക്ഷ പണയംവെച്ച് രവിചന്ദ്രന്‍ എന്ന ഓട്ടോഡ്രൈവര്‍

single-img
15 February 2016

Auto

തനിക്കുണ്ടായിരുന്ന ജീവനോപാധി പണയപ്പെടുത്തി അന്യദേശക്കാരന്റെ ജീവന്‍രക്ഷിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍. ചെന്നൈയില്‍ ചെപ്പോക്ക് സ്റ്റേഡിയത്തിനു സമീപം ഓട്ടോ ഓടിക്കുന്ന രവിചന്ദ്രനാണ് തന്റെ യാത്രക്കാരനായ ബംഗാള്‍ സ്വദേശിയായ ശങ്കര്‍ദാസിനായി ഓട്ടോ 30,000 രൂപയ്ക്ക് പണയപ്പെടുത്തിയത്.

ട്രിപ്ലിക്കേനില്‍ താമസിച്ചിരുന്ന ശങ്കര്‍ദാസ് നെഞ്ചുവേദനയെ തുടര്‍ന്നാണ് ശങ്കര്‍ദാസ് ആശുപത്രിയിലേക്ക് പോകാന്‍ രവിചന്ദ്രന്റെ ഓട്ടോ വിളിച്ചത്. റോയപ്പേട്ട ഗവണ്‍മെന്റ് ആശുപത്രിയിലേക്കാണ് ആദ്യം പോയതെങ്കിലും അവിടെയെത്തിയപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍മദ്ദശിക്കുകയായിരുന്നു.

ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ മൂന്നു ബ്ലോക്കുകള്‍ കണ്ടെത്തിയ ശങ്കര്‍ദാസിന് ഉടന്‍ പേസ് മേക്കര്‍ ഘടിപ്പിച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാകൂയെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഒന്നരലക്ഷം രൂപയാണ് അതിനുള്ള ചെലവ്. പക്ഷേ സ്വകാര്യസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ശങ്കര്‍ദാസിന്റെ കൈയില്‍ 15000 രൂപയേ ഉണ്ടായിരുന്നുള്ളു.

അധികൃതരോട് സംസാരിച്ച രവിചന്ദ്രന്‍ ശസ്ത്രക്രിയാച്ചെലവ് 45,000 രൂപയാക്കി കുറച്ചെങ്കിലും ബാക്കി പണത്തിന് ശങ്കര്‍ദാസിന്റെ കയ്യില്‍ വഴിയുണ്ടായില്ല. മറെ്ാരു വഴിയും കാണാതെ രവിചന്ദ്രന്‍ ഒടുവില്‍ ജീവനോപാധിയായ ഓട്ടോറിക്ഷ സ്വകാര്യ പണമിടപാടുകാരന് പണയപ്പെടുത്തി 30,000 രൂപ വാങ്ങുകയായിരുന്നു.

സംഭവം നടന്നിട്ട് ഒന്നരമാസമായെങ്കിലും പുറംലോകമറിഞ്ഞത് ഈ അടുത്ത സമയത്താണ്. അണ്ണാ ഓട്ടോ വെല്‍ഫയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ മികച്ച സേവനം നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ആദരിച്ചപ്പോഴാണ് മറ്റുള്ളവര്‍ ഇക്കാര്യം അറിയുന്നത്. താന്‍ ചെയ്ത സഹായം മറ്റുള്ളവരോട് പറഞ്ഞാല്‍ കര്‍മഫലം പോകുമെന്ന് വിശ്വസിക്കുന്നയാളാണ് സത്യസായി ഭക്തന്‍ കൂടിയായ രവിചന്ദ്രന്‍.