ലോകം കടുത്ത ജലക്ഷാമത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ

single-img
15 February 2016

27367682-broken-land

വര്‍ഷത്തില്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും കടുത്ത ജലദാരിദ്ര്യം നേരിടുന്നവരാണ് ലോക ജനസംഖയിലെ 400 കോടി ജനങ്ങളെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍. അതില്‍ ഏതാണ്ട് 100 കോടിയോളം ജനങ്ങള്‍ വര്‍ഷത്തില്‍ 12 മാസവും ശുദ്ധജലം ലഭിക്കാത്തവരാണെന്നും പഠനങ്ങള്‍ പറയുന്നു.

ഇപ്പോഴത്തെ ജലദാരിദ്ര്യത്തിന് കാരണമായി ഐക്യരാഷ്ട്രസഭയുടെ പഠനത്തില്‍ പറയുന്നത് അമിതമായ ജലചൂഷണമാണ്. എന്നാല്‍ വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഴ ലഭിക്കുന്ന സമശീതോഷ്ണ മേഖലയിലാണ് ഏറ്റവുമധികം വെള്ളത്തിന് ദാരിദ്ര്യം നേരിടുന്നതെന്നുള്ള കാര്യം പഠനത്തില്‍ എടുത്തുപറയുന്നുണ്ട്. ഈ പട്ടികയില്‍ ജനസംഖ്യാ വര്‍ധനവില്‍ മത്സരിക്കുന്ന ഇന്ത്യയും ആഫ്രിക്കയിലെ ചില രാജ്യങ്ങളും ചൈനയും ജനസംഖ്യാ അനുപാതത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും കുറവുള്ള ഓസ്‌ട്രേലിയയുമുണ്ട്.

ലണ്ടന്‍ ഉള്‍പ്പടെയുള്ള വന്‍നഗരങ്ങളും ജലദാരിദ്ര്യം രൂക്ഷമായ പ്രദേശങ്ങളുടെ പട്ടികയിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ജലം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അമേരിക്കയും കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുമാണെന്നും പഠനങ്ങള്‍ പറയുന്നു. മഞ്ഞ് കാലം ദൈര്‍ഘ്യമേറിയ കാലാവസ്ഥയുടെ ആനുകൂല്യം ഫലപ്രദമായി മുതലക്കാന്‍ സാധിച്ചതാണ് ജലലഭ്യതയുടെ കാര്യത്തില്‍ ഇവര്‍ക്ക് മുതല്‍ക്കൂട്ടായത്.

യമനാണ് ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആ പട്ടികയില്‍ ഇരുപത്തി രണ്ടാമതാണ് ഇന്ത്യ. എന്നാല്‍ ശുദ്ധജല ദൗര്‍ലഭ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം പതിനൊന്നാണ്.