ഇന്‍ഷ്വറന്‍സ് തുക കൊടുക്കാന്‍ മടിച്ച് ബാലിശമായ കാരണം ചൂണ്ടിക്കാട്ടി ക്ലെയിം നിരസിച്ചതിന് എല്‍.ഐ.സി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

single-img
15 February 2016

licbij

ഇന്‍ഷ്വറന്‍സ് തുക കൊടുക്കാന്‍ മടിച്ച് ബാലിശമായ കാരണങ്ങള്‍ നിരത്തിയ എല്‍.ഐ.സിയോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പോളിസി എടുത്ത സമയത്ത് നിലവിലുണ്ടായിരുന്ന അസുഖത്തിനാണ് ചികിത്സ തേടിയതെന്ന് ആരോപിച്ചാണ് എല്‍.ഐ.സി ചികിത്സാ ആനുകൂല്യം നിഷേധിച്ചത്.

എടയാര്‍ വേട്ടുകല്ലേല്‍ ബേബി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും പോളിസി പ്രകാരമുള്ള ആനുകൂല്യങ്ങളും കോടതി ചെലവായി പതിനായിരം രൂപയും നല്‍കാന്‍ എല്‍.ഐ.സി.യോട് നിര്‍ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് ഉത്തരവിറക്കിയത്. ചെറിയാന്‍ കെ. കുര്യാക്കോസ് പ്രസിഡന്റും ഷീന്‍ ജോസ്, വി.കെ. ബീനാകുമാരി എന്നിവര്‍ അംഗങ്ങളുമായുള്ള ഫോറത്തിന്റെതാണ് വിധി.

ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്കു വിധേയനായതിനെതുടര്‍ന്ന് പോളിസി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി സമര്‍പ്പിച്ച ക്ലെയിം നിരസിച്ചതു സംബന്ധിച്ചായിരുന്നു ഹര്‍ജി. എല്‍.ഐ.സിയുടെ പാനല്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിഗണിച്ച ശേഷമാണ് പോളിസി എടുത്തതെന്നും പോളിസി എടുക്കുന്ന സമയത്ത് യാതൊരുവിധ രോഗവും ഉണ്ടായിരുന്നില്ലെന്ന വാദം ഫോറം അംഗീകരിക്കുകയായിരുന്നു.