കള്ളക്കടത്ത് സിഗരറ്റില്‍ അടങ്ങിയിരിക്കുന്നത് മനുഷ്യവിസര്‍ജ്യം മുതല്‍ ആസ്ബസ്റ്റോസ് വരെ

single-img
15 February 2016

_70387539_cigs

കള്ളക്കടത്ത് വഴിയെത്തുന്ന സിഗരറ്റുകളില്‍ അടങ്ങിയിരിക്കുന്നത് മനുഷ്യവിസര്‍ജ്യവും ചത്ത പ്രാണികളും തുടങ്ങി മണ്ണും ആസ്ബസ്റ്റോസും വരെ.
ചൈനീസ് നിര്‍മിത എസ്സെ, മാള്‍ബറോ, വിന്‍സ്റ്റന്‍, മൈല്‍ഡ് സെവന്‍, പാള്‍മാള്‍, ഡെര്‍ബി, കെന്റ് തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇത്തരത്തില്‍ പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം സിഗരറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മാരതമല്ല യഥാര്‍ഥ വിലയുടെ പതിന്മടങ്ങ് വിലക്കാണ് ഇത് വില്‍ക്കുന്നതും. മൊത്തവിപണിയില്‍ പായ്ക്കറ്റ് വില 50 രൂപയുള്ള സിഗരറ്റ് 130 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു പായ്ക്കറ്റ് വിറ്റാല്‍ കടക്കാരനു ലാഭം 80 രൂപ കിട്ടുമെന്നതിനാല്‍ വില്‍പ്പനക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ സിഗരറ്റ് വില്‍ക്കണമെങ്കില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന സന്ദേശവും അവയുണ്ടാക്കുന്ന ദോഷം വ്യക്തമാക്കുന്ന ചിത്രീകരണവും സിഗരറ്റ് പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയുണ്ട്. കള്ളക്കടത്ത് സിഗരറ്റുകളില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കാസര്‍ഗോഡ് കേന്ദ്രീകരിച്ച വലിയ ലോബിയാണ് സിഗരറ്റ് കള്ളക്കടത്തിനു പിന്നിലെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ വന്‍ ലാഭമെന്നതാണ് സിഗരറ്റ് കള്ളക്കടത്തിന്റെ മെച്ചമെന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സിഗരറ്റ് കള്ളക്കടത്ത് അഞ്ചിരട്ടിയിലേറെ വര്‍ധിച്ചെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പറയുന്നത്.

സിഗരറ്റ് ഇറക്കുമതിക്ക് 100 ശതമാനത്തിലധികം നികുതിയുള്ളതിനാല്‍ കള്ളക്കടത്തായി രാജ്യത്തേക്ക് എത്തുന്നവയില്‍ ഏറെയും വ്യാജനാണെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. സ്വര്‍ണം പോലെ അധികം മുതല്‍മുടക്കില്ലാത്തതിനാല്‍ റിസ്‌ക് കുറയും. ലഗേജ് തുറക്കാതെയുള്ള പരിശോധനകളില്‍ ഇവ കണ്ടെത്താനും കഴിയില്ല. വിമാനത്താവളങ്ങള്‍ വഴി ചെറിയ തോതിലായിരുന്നു വിദേശത്തുനിന്ന് ഇതുവരെ സിഗരറ്റുകള്‍ എത്തിയിരുന്നതെങ്കില്‍ അതിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.