യു.എ.ഇ ഇന്ത്യയില്‍ എണ്ണ ശേഖരിക്കും; ശേഖരണത്തില്‍ മൂന്നില്‍ രണ്ടുഭാഗവും ഇന്ത്യയ്ക്ക് ഉപയോഗിക്കാം

single-img
11 February 2016

Ind

ചരിത്രത്തിലാദ്യമായി യുഎഇ ഇന്ത്യയില്‍ ക്രൂഡ് ഓയില്‍ ശേഖരിക്കാനൊരുങ്ങുന്നു. യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കാണ് ഇന്ത്യയില്‍ അസംസ്‌കൃത എണ്ണ ശേഖരിക്കാനുള്ള സംവിധാനം ഉപയോഗിക്കുന്നത്. ശേഖരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം എണ്ണ ഇന്ത്യയ്ക്ക് അടിയന്തിരഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാമെന്ന് ധാരണയായതായും ഇന്ധന വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

യുഎഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററും അബുദാബി കിരീടവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് തീരുമാനം. യുഎഇ ഊര്‍ജമന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മന്‍സൂരിയുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ഇന്ധന വകുപ്പ് മന്ത്രി ഇക്കാര്യം അറിയിചച്ത്.

7.5 ലക്ഷം ടണ്‍ എണ്ണയാകും അഡ്നോക്ക് ഇന്ത്യയില്‍ ശേഖരിക്കുക. ഇതില്‍ അഞ്ച് ലക്ഷം ടണ്‍ എണ്ണ ഇന്ത്യയ്ക്ക് സ്വന്തമായിരിക്കും. ഈ ഇന്ധനം അത്യാവശ്യ ഘട്ടങ്ങളില്‍ രാജ്യത്തിന് ഉപയോഗിക്കാനാകും. രാജ്യത്തിന്റെ ഒരു ദിവസത്തെ ഇന്ധന ആവശ്യകത അഞ്ച് ലക്ഷത്തോളം ടണ്‍ ക്രൂഡ് ഓയിലാണ്. എണ്ണ വ്യാപാരത്തിനുള്ള ശേഖരണകേന്ദ്രമായാകും അഡ്നോക്ക് സംഭരണത്തെ ഉപയോഗിക്കുന്നത്. മംഗലൂരുവിലെ ഭൂമിക്കടിയിലുള്ള സംഭരണശാലയുടെ പകുതിയാകും അഡ്നോക്കിന് നല്‍കുകയെന്നും ധാരണയായിട്ടുണ്ട്.