പൊന്നും വിലനല്‍കി പൊതുമേഖലാ സ്ഥാപനത്തിനു സര്‍ക്കാര്‍ നല്‍കിയ ഭൂമി സ്വകാര്യ കമ്പനിക്കായി മാറ്റിനല്‍കാന്‍ റവന്യുവകുപ്പിന്റെ പ്രത്യേക ഉത്തരവ്

single-img
10 February 2016

200px-Aditya_Birla_Group_logo

പൊന്നും വിലനല്‍കി പൊതുമേഖലാ സ്ഥാപനത്തിനു സര്‍ക്കാര്‍ നല്‍കിയ ഭൂമി സ്വകാര്യ കമ്പനിക്കായി മാറ്റിനല്‍കാന്‍ റവന്യുവകുപ്പിന്റെ പ്രത്യേക ഉത്തരവ്. എറണാകുളം പറവൂര്‍ താലൂക്കില്‍ കടുങ്ങല്ലൂര്‍ വില്ലേജിലുളള 37.03 ഏക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് ബിര്‍ളയ്ക്ക് നല്‍കുന്നത്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്കാണ് ഭൂമി നല്‍കുന്നത്.

പ്രസ്തുത ഭൂമി ഇന്ത്യന്‍ അലൂമിനിയം കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ഏറ്റെടുത്തതാണ്. ഇന്ത്യന്‍ അലൂമിനിയം കമ്പനി സ്വകാര്യകമ്പനിയായ ഹിന്‍ഡാല്‍കോയില്‍ ലയിച്ചെന്ന വാദം ഉയര്‍ത്തിയാണ് ഭൂമികൈമാറ്റം നടക്കുന്നത്. പക്ഷേ മുന്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് ചൂണ്ടിക്കണിക്കപ്പെടുന്നത്.

ഭൂമി കൈമാറ്റത്തിനുളള അനുമതി നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തോട് റവന്യുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ഹിന്‍ഡാല്‍കോ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍മദ്ദശം. എന്നാല്‍ 2014 നവംബര്‍ 13ന് കലക്റ്റര്‍ ലാന്‍ഡ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിലവില്‍ ഭൂമി കൈമാറ്റം ചെയ്യാനാകില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യന്‍ അലൂമിനിയം കമ്പനിക്ക് സര്‍ക്കാര്‍ വ്യവസ്ഥകള്‍ പ്രകാരം നല്‍കിയ ഭൂമി യാതൊരു ഉത്തരവിന്റെയും അടിസ്ഥാനത്തിലല്ല കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കലക്റ്റര്‍ പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ കലക്റ്ററുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച നിയമലംഘനങ്ങള്‍ കണക്കിലെടുക്കാതെ പ്രത്യേക ഉത്തരവിറക്കി 37 ഏക്കര്‍ ഭൂമി കുത്തക കമ്പനിക്ക് നല്‍കാനാണ് റവന്യുവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ അലുമിനിയം കമ്പനി തന്നെ സര്‍ക്കാര്‍ ഭൂമി പ്രത്യേക അനുമതിയില്ലാതെ ഹിന്‍ഡാല്‍കോയ്ക്ക് നല്‍കിയതിലെ നിയമലംഘനം കലക്റ്റര്‍ വ്യക്തമാക്കിയതിനു പിന്നാലെഎയാണ് റവന്യു വകുപ്പിന്റെ ഈ നടപടി.