സിയാച്ചിന്‍; ലോകത്തിന്റെ മൂന്നാം ധ്രുവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ അഭിവാജ്യ പ്രദേശം

single-img
10 February 2016

Operation Meghadoot

 

 

ലോകത്തിന്റെ മുന്നാം ധ്രുവമായ, കടല്‍ നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള സിയാച്ചിനെന്ന തന്ത്രപ്രധാനമായ ഭൂമിയില്‍ കടുത്ത ശൈത്യത്തിനിടയിലും ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍, അന്നുവരെ ഒരു സൈനിക ഹെലികോപ്റ്ററുകളും ഉയര്‍ന്നു പറന്നിട്ടില്ലാത്തത്ര ഉയരത്തില്‍ പറന്ന് ഇന്ത്യന്‍ സൈനികരെ ഇറക്കി. അവിടെ നിന്നും പാകിസ്്ഥാന്‍ റഡാറുകളുടെ കണ്ണുവെട്ടിച്ച് ഓക്‌സിജന്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയില്‍ ദിവസങ്ങളോളം നടന്ന് കയറിയ അവര്‍ സിയാച്ചിന്റെ ഏറ്റവും ഉയരമുള്ള കിഴക്കന്‍ ബേസില്‍ അശോകചക്രമുള്ള മൂവര്‍ണ്ണ കൊടിനാട്ടി ലോകത്തോട് വിളിച്ചുപറഞ്ഞു, സിയാച്ചിന്‍ ഇനി ഇന്ത്യയുടെ ഭാഗമാണ്… ഇനി എന്നും അങ്ങനെ തന്നെയായിരിക്കും.

ലോകരാജ്യങ്ങള്‍ക്കു മുഴുവന്‍ അസൂയ സമ്മാനിക്കുന്ന ഒരു പ്രദേശമാണ് സിയാച്ചിന്‍. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സൈനിക മേഖല. ഇന്ത്യ വിഭജനം നടന്ന വേളയില്‍ പാകിസ്ഥാന്‍ അവകാശവാദമുന്നയിക്കുകയും, എന്നാല്‍ പാകിസ്ഥാന്റെ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തന്ത്രപ്രധാനമായ മറുനീക്കങ്ങളിലൂടെ സിയാച്ചിന്‍ പ്രദേശം പിടിച്ചെടുക്കുകയും ചെയ്ത ഇന്ത്യന്‍ സൈന്യത്തിന്റെ സഹാസിക വീര്യം ചരിത്രത്താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണ്. 1972 ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിംലാ കരാറിന്റെ അടിസ്ഥാനത്തില്‍ മനുഷ്യവാസമില്ലെന്ന പേരില്‍ ഒരു രാജ്യത്തിനും അവകാശമില്ലാത്ത സിയാച്ചിന്‍ ഗ്ലേഷ്യര്‍ എന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമി പിടിച്ചെടുക്കാനുള്ള പാകിസ്ഥാന്റെ സൈനിക നീക്കം മുന്നില്‍ക്കണ്ട് ഇന്ത്യനടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷന്‍ മേഘദൂത്. ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനവും സാഹസികവുമായ ഇടപെടലിലൂടെ സിയാച്ചിനും ഭൂരിപക്ഷ പ്രദേശങ്ങളും നമ്മുടെ കയ്യിലായപ്പോള്‍ പാകിസ്ഥാന് ലഭിച്ചത് പടിഞ്ഞാറന്‍ സിയാച്ചിന്‍ ഭാഗമാണ്. ഇന്നും ഇന്ത്യ കണ്ണിലെ നിധിപോലെ കാത്തുസൂക്ഷിക്കുന്ന സിയാച്ചിന്‍ ഒരുപക്ഷേ കൈവിട്ടുപോയിരുന്നുവെങ്കില്‍ അത് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബുദ്ധിമോശമെന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തിയേനെ.

1970-80 കാലഘട്ടത്തിലാണ് സിയാച്ചിന്‍ പ്രശ്‌നം രൂക്ഷമാകുന്നത്. അന്നുവരെ രണ്ടുരാജ്യങ്ങളുടെയും പേരിനൊപ്പമില്ലാതിരുന്ന സിയാച്ചിനില്‍ പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള അധിനിവേശമാണ് ഇന്ത്യയെ സിയാച്ചിന്‍ പ്രശ്‌നത്തെക്കുറിച്ച് ഗൗരവകരമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിയാച്ചിന്‍ എന്ന പ്രദേശം ഒരുപക്ഷേ പാകിസ്ഥാന്‍ കീഴടക്കുകയാണെങ്കില്‍ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധമുണ്ടാകുന്ന വേളയില്‍ പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ പറ്റിയ ഇടമായി അതു മാറുമെന്ന് ഉറപ്പായിരുന്നു.

ഈ സമയത്താണ് 1977 ല്‍ പാകിസ്ഥാന്‍ വിദേശിയരായ ഒരു സംഘം പര്‍വ്വതാരോഹകരെ സിയാച്ചിനിലേക്ക് ക്ഷണിക്കുകയും പാകിസ്ഥാന്‍ സൈനികര്‍ അവര്‍ക്കൊപ്പം പര്‍വ്വതാരോഹണം നടത്തുകയും ചെയ്തത്. ഇതാണ് ഇന്ത്യയുടെ അടിയന്തിര ശ്രദ്ധ സിയാച്ചിന്‍ ഗ്ലേഷ്യറിലേക്ക് പതിപ്പിക്കാന്‍ ഇടയാക്കിയത്. സിയാച്ചിന്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമെന്ന നിലയില്‍ 1978 ല്‍ തന്നെ ഇന്ത്യയുടെ ഭാഗത്തു നിന്നും പര്‍വ്വതാരോഹണങ്ങളുണ്ടായി. ഇന്ത്യന്‍ പട്ടാളത്തിലെ ലെഫ്റ്റനന്റ് കേണല്‍ നരീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ആരോഹണമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. പര്‍വ്വതാരോഹര്‍ക്ക് സഹായവുമായി ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്ററില്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുത്ത് സിയാച്ചിനില്‍ തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മാത്രമല്ല 1978 ഒക്‌ടോബര്‍ 6ന് ചരിത്രത്തിലാദ്യമായി സിയാച്ചിന്‍ ബേസ്‌ക്യാമ്പില്‍ കുടുങ്ങിയ പര്‍വ്വതാരോഹകരെ രക്ഷിക്കുന്നതിനായി ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ ഗ്ലേഷ്യറില്‍ ഇറങ്ങുകയും ചെയ്തു.

പാകിസ്ഥാനും വെറുതെയിരുന്നില്ല. 1982 ല്‍ അവര്‍ ഒരുസംഘം ജാപ്പനീസ് പര്‍വ്വതാരോഹകരെ ക്ഷണിച്ചുവരുത്തി സിയാച്ചിനിലെ തന്ത്രപ്രധാനമായ ‘റിമോ 1’ എന്ന പര്‍വ്വതത്തിന്റെ ഉയരം അളക്കുന്നതിനായി നിയോഗിച്ചു. ചൈന കൈയടക്കിവെച്ചിരിക്കുന്ന കാശ്മീരിന്റെ ഭാഗമായ ആക്‌സയ് ചിന്‍ എന്ന പ്രദേശം പൂര്‍ണ്ണമായും നിരീക്ഷിക്കത്തക്ക സൗകര്യമുള്ള പര്‍വ്വതം ഇന്ത്യയെ സംബന്ധിച്ചും സൈനികതലത്തില്‍ അഭിവാജ്യ ഘടകമായിരുന്നു. മാത്രമല്ല, 1983 ല്‍ സിയാച്ചിന്‍ മേഖലകളിലേക്ക് സൈനിക ട്രൂപ്പുകളെ അയച്ച് സിയാച്ചിന്‍ ഞങ്ങളുടേയാണെന്ന് ലോകത്തെ അറിയിക്കുവാനും പാകിസ്ഥാന്‍ തീരുമാനിച്ചു.

ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ഈ വിവരം മണത്തറിഞ്ഞതോടെയാണ് ഓപ്പറേഷന്‍ മേഘദൂത് എന്ന ലോക രാഷ്ട്രങ്ങള്‍ പോലും വിസ്മയിച്ച ദൗത്യത്തിന് ആരംഭമാകുന്നത്. ഇന്ത്യന്‍ മഹാകവി കാളിദാസന്റെ കൃതിയുടെ പേരായ മേഘസന്ദേശത്തില്‍ നിന്നുമാണ് ദൗത്യത്തിന്റെ പേര് ജനിച്ചത്. ശ്രീനഗര്‍ ആസ്ഥാനമായുള്ള 15 കോര്‍പ്‌സിലെ ജനറല്‍ ഓഫീസറായിരുന്ന പ്രേംനാഥ് ഹൂണ്‍ ായിരുന്നു ഓപ്പറേഷന്‍ മേഘദൂത് കമാണ്ടര്‍. അതിസാഹസികമായ നീക്കങ്ങളിലൂടെയാണ് ഇന്ത്യന്‍ സൈന്യം സിയാച്ചിന്‍ കീഴടക്കി തുടങ്ങിയത്. ലോകത്ത് ഒരു സൈനിക ഹെലികോപ്റ്ററും പറന്നിട്ടില്ലാത്തത്ര യരത്തില്‍ ഇന്ത്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ സൈനികരേയും അവര്‍ക്ക് ആവശയമുള്ള സാധനങ്ങളും സിയാച്ചിന്‍ ഗ്ലേഷ്യറില്‍ എത്തിക്കുകയായിരുന്നു.

Operation Meghadooth

സിയാച്ചിന്‍ ഗ്ലേഷ്യറില്‍ നിന്നും സൈന്യം പതുക്കെ തങ്ങളുടെ പടനീക്കം ആരംഭിച്ചു. പൂജ്യത്തിനും ഒത്തിരി താഴെയുള്ള തണുപ്പില്‍ ഓക്‌സിജന്റെ അഭാവം മൂലം ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായ അവസ്ഥയില്‍ ഇന്ത്യന്‍ സൈന്യം തങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ സോജില്ല പാസിലൂടെ ലോകത്തിന്റെ മൂന്നാം ധ്രുവമെന്നറിയപ്പെടുന്ന സിയാച്ചിനിലെ കിഴക്കന്‍ ബേസില്‍ കുമാവേണ്‍ റെജിമെന്റിലേയും ലഡാക് സ്‌കൗട്ടിലേയും സൈനികള്‍ പാകിസ്ഥാന്‍ റഡാറുകളുടെ കണ്ണുവെട്ടിച്ച് എത്തിച്ചേര്‍ന്നു. അവിടെ അവര്‍ ഇന്ത്യയുടെ അധീശത്വം അറിയിച്ച് മൂവര്‍ണ്ണക്കൊടി ഉയര്‍ത്തിനാട്ടി.

അവിടെക്കൊണ്ടും തീര്‍ന്നില്ല ഇന്ത്യയുടെ നീക്കങ്ങള്‍. സിയാച്ചിനിലെ ഏറ്റവും യരം കൂടിയ പ്രദേശമെന്നറിയപ്പെടുന്ന ബിലാഫോണ്ട് ലായുടെ മുകളിലും അവര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. സിയാച്ചിനില്‍ ക്യാമ്പ് 1, ക്യാമ്പ് 2, ക്യാമ്പ് 3 എന്നിങ്ങനെ മൂന്ന് ക്യാമ്പുകളും അവര്‍ സ്ഥാപിച്ചു.

Prem Nath Hoon

നാലുദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത സൈനിക ദളം സിയാച്ചിനില്‍ എത്തി. തങ്ങള്‍ക്ക് തൊട്ടുമുന്നേ എത്തിയവര്‍ സ്ഥാപിച്ച ക്യാമ്പുകളുടെ ആധിപത്യം അവര്‍ ഏറ്റെടുത്തു. സിയാച്ചിന്‍ ഇന്ത്യയുടെ അഭിവാജ്യഘടകമായതായി ഇന്ത്യ ഔദ്യോഗികമായി ലോകത്തെ അറിയിച്ചു. ഓപ്പറേഷന്‍ മേഘദൂത് ഇന്ത്യ അവസാനിപ്പിക്കുമ്പോള്‍ സിയാച്ചിനിലെ 2400 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഇന്ത്യയുടെ സവന്തമായി മാറിയിരുന്നു.

ഇത്രയും നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായശേഷമാണ് പാകിസ്ഥാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതു തന്നെ. വൈകിയ ആ വേളയില്‍ ഒരു പോരാട്ടത്തിനു പോലും മനസ്സില്ലാതെ സിയാച്ചിനെന്ന വിസ്മയ ഇടത്തിന് അപ്പുറത്തു നില്‍ക്കുവാനേ അവര്‍ക്ക് കഴിഞ്ഞുള്ളു.