അബ്ദുള്‍ കരീം തിരക്കിലാണ്, കാരണം തൃപ്രയാര്‍ ചെമ്മാപ്പിള്ളി ആനേശ്വരം ശിവക്ഷേത്രത്തിലെ കര്‍പ്പൂരാദി നവീകരണ കലശത്തിന്റെ മേല്‍നോട്ടം അദ്ദേഹത്തിനാണ്

single-img
10 February 2016

abdul-kareem

തൃശൂര്‍ തൃപ്രയാറുള്ള ചെമ്മാപ്പിള്ളി ആനേശ്വരം ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി നവീകരണ കലശം നടക്കുമ്പോള്‍ എല്ലാത്തിനും ചുക്കാന്‍പിടിച്ച് ഓടിനടക്കുന്ന ഒരു മുഖമുണ്ട്. ടി.യു. അബ്ദുല്‍ കരീമെന്നാണ് ആ മുഖത്തിന്റെറ ഉടമയുടെ പേര്. കഴിഞ്ഞ അന്‍പതോളം നാളുകളായി രാവും പകലും ക്ഷേത്രത്തിലെ ജോലികളുടെ മേല്‍നോട്ടത്തിലാണ് കരീം. ദിവസവും അഞ്ചു നേരം നിസ്‌കരിക്കാന്‍ മാറിനില്‍ക്കുന്നതല്ലാതെ മറ്റൊരിടത്തേക്കുംപോകാതെ ക്ഷേത്രകാര്യങ്ങളില്‍ ശ്രദ്ധചെലുത്തിയിരിക്കുകയാണ് കരീം.

1957 മുതല്‍ അബ്ദുല്‍ കരീമിന്റെ കുടുംബം താമസിക്കുന്നത് ക്ഷേത്രത്തിനു സമീപമാണ്. മരത്തേഴത്ത് സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ 85ല്‍ ക്ഷേത്രത്തില്‍ നവീകരണം നടന്നപ്പോള്‍ സഹകരിച്ചു തുടങ്ങിയ കരീം ഇന്നും ആ സഹകരണം മുടക്കിയിട്ടില്ല. ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും ആദ്യം മുതല്‍ കൂടെ നിന്ന കരീമിനെ ക്ഷേത്ര സമിതിയും മറന്നില്ല. അതിനു തെളിവാണ് അന്നു മുതല്‍ ഇന്നു വരെ ക്ഷേത്രത്തിലെ എല്ലാ ആഘോഷച്ചടങ്ങുകളുടെയും രക്ഷാധികാരി കരീമാണെന്നുള്ള യാഥാര്‍ത്ഥ്യം.

കഴിഞ്ഞ നബിദിന റാലിയെ ക്ഷേത്രത്തിനു മുന്നില്‍ മധുരം നല്‍കി സ്വീകരിച്ച് ചെമ്മാപ്പിള്ളി രഗാമം തങ്ങളുടെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തിയതും വാര്‍ത്തയായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഈ ക്ഷേത്രത്തില്‍ നവീകരണ കലശം നടക്കുന്നതു 19 വര്‍ഷത്തിനു ശേഷമാണ്. ഇക്കാര്യം തീരുമാനിക്കാനും അതിനായി ശ്രമിക്കാനും മുന്നിലുണ്ടായിരുന്നതും കരീമാണ്.

അതിനു പ്രതിഫലനമെന്നവണ്ണം കഴിഞ്ഞ കലശച്ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തന്ത്രിക്കും പുരോഹിതന്മാര്‍ക്കും ദക്ഷിണ നല്‍കാനായി ക്ഷേത്ര സമിതി ചുമതലപ്പെടുത്തിയതു കരീമിനെയായിരുന്നു. പരിശുദ്ധ റമസാന്‍ മാസത്തിലായിരുന്നു കരീമിന് ഈ ആദരം കിട്ടിയത്. ക്ഷേത്രത്തിനകത്തു നടത്തേണ്ടിയിരുന്ന ചടങ്ങ് അതിനായി പുറത്തേക്കു മാറ്റുകയായിരുന്നു.

ആനേശ്വരം ക്ഷേത്ര സമിതി ഏറെക്കാലം പ്രസിഡന്റും സെക്രട്ടറിയുമായും കരീമിനെ തിരഞ്ഞെടുത്തിരുന്നു. അഞ്ചു നേരവും നിസ്‌കരിക്കുന്ന താന്‍ മഹല്ലിലെ എല്ലാ പരിപാടിയിലും പങ്കെടുക്കുമെന്നും അതോടൊപ്പം ഈ ക്ഷേത്രത്തിനോടൊപ്പവും നില്‍ക്കുക എന്നത് തന്റെ കടമയാണെന്നും കരീം വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ വളര്‍ച്ചയും ഐശ്വര്യവും നാടിന്റെ ഐശ്വര്യമായി കാണുന്ന കരീം ഇവിടെ ജനിച്ചത് തന്റെ ഭാഗ്യമായി കരുതുന്ന വ്യക്തികൂടിയാണ്.

സമിതിയില്‍ അഹിന്ദുക്കള്‍ പാടില്ല എന്നുള്ളതാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ നിയമമെന്നതിനാല്‍ അതിനെ മറികടക്കാന്‍ സമിതി ഏകകണ്ഠമായി കരീമിനെ രക്ഷാധികാരിയാക്കുകയായിരുന്നു. രാജ്യം തന്നെ അസൂയയോടെ നോക്കി നില്‍ക്കുന്ന ഒരിടമായി ചെമ്മാപ്പിള്ളി മാറിയതും അങ്ങനെയാണ്.