മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കായി സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ വക അന്തരീക്ഷത്തില്‍ നിന്നും സ്വര്‍ണ്ണമാല

single-img
9 February 2016

 

50909663മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കായി ആള്‍ദൈവത്തിന്റെ വക അന്തരീക്ഷത്തില്‍ നിന്നും സ്വര്‍ണ്ണമാല. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫ്ടനാവിസിനാണ് സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ ഗുരുവാനന്ദ് സ്വാമി അന്തരീക്ഷത്തില്‍ നിന്ന് സ്വര്‍ണ്ണമാല വരുത്തി നല്‍കിയത്. പൂനെയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടെത്തിയ ബാങ്ക് ഉദ്യോഗസ്ഥ കൂടിയായ അമൃതയ്ക്ക് സ്വാമി സ്വര്‍ണ്ണ നെക്ലസ് ആണ് അന്തരീക്ഷത്തില്‍ നിന്നും വരുത്തി നല്‍കിയത്.

സ്വാമി അന്തരീക്ഷത്തില്‍ നിന്ന് സ്വര്‍ണ്ണമാല വരുത്തിനല്‍കുമ്പോള്‍ അത് ഭക്തിയോടെ ഏറ്റവുവാങ്ങുന്ന അമൃതയുടെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാന്‍ പ്രയത്നിക്കുന്ന യുക്തിവാധി സംഘടനയുടെ അധ്യക്ഷന്‍ അവിനാഷ് പാട്ടീല്‍ രംഗത്തെത്തിയിരിക്കുയകാണ്.

ഇത്തരത്തില്‍ അന്ധവിശ്വാസങ്ങളും കള്ളത്തരങ്ങളും പ്രചരിപ്പിച്ചതിന്റെ പേരില്‍ ബിജെപി മുഖ്യമന്ത്രി വേണ്ടിവന്നാല്‍ മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു അത്ഭുത പ്രതിഭാസം ഞങ്ങള്‍ പറയുന്നിടത്ത് വെച്ച് ഈ സൗകര്യങ്ങളൊന്നുമില്ലാതെ ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ച് ആള്‍ദൈവത്തെ സംഘടന വെല്ലുവിളിക്കുകയും ചെയ്തു.

എന്നാല്‍ താന്‍ ഇത്തരം അത്ഭുത പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്കുക മാത്രമാണ ചെയ്തതെന്നും കാട്ടി മുഖ്യമന്ത്രിയുടെ ഭാര്യതന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഇത്തരത്തിലുള്ള മൂല്യങ്ങള്‍ സൂക്ഷിച്ചു കൊണ്ടാണ് വളര്‍ന്നതെന്നും ഇത് തന്നെ പിന്തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

[mom_video type=”youtube” id=”iUwQ7AFkDfM”]