പി.ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് സിപിഎം

single-img
9 February 2016

 

VS and Jayarajan

മുഖ്യമന്ത്രിയാകുന്ന പിണറായിയുടെ ശക്തനായ ആഭ്യന്തരമന്ത്രി എന്ന പേരില്‍ ചിത്രീകരിച്ച് അമ്പാടിമുക്കില്‍ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡിനെ തള്ളിപ്പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. കഴിഞ്ഞദിവസമാണ് അമ്പാടിമുക്കില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ നിയുക്ത ആഭ്യന്തരമന്ത്രിയാക്കി രേഖപ്പെടുത്തി പൊലീസിന്റെ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രത്തോടെ ഫ്‌ളെക്‌സ് ശവച്ചത്.

നവമാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും, അമ്പാടിമുക്കിലെ പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണം പാര്‍ട്ടിയുടെ ശ്ത്രുക്കള്‍ക്കാണ് ഉപകരിച്ചതെന്നും കാട്ടിയാണ് പാര്‍ട്ടിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കും നീതി നിഷേധത്തിനും പാര്‍ട്ടിക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയരേണ്ട കാലത്ത് ശത്രുക്കള്‍ക്ക് പാര്‍ട്ടിക്ക് എതിരെ പ്രചാരണം നടത്തുവാന്‍ അവസരമൊരുക്കരുതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി അണികളും, ബന്ധുക്കളും ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

സിപിഐഎം ഈ നടപടിയെ തള്ളിപ്പറഞ്ഞതോട് കൂടി പ്രവര്‍ത്തകര്‍ അമ്പാടിമുക്കില്‍ നിന്നും ബോര്‍ഡ് എടുത്ത് മാറ്റിയിട്ടുണ്ട്. സിപിഎമ്മിന്റെ നവകേരള യാത്രക്ക് മുന്നോടിയായി ഇവിടെ സ്ഥാപിച്ച ഫ്ളെക്സില്‍ പിണറായി വിജയനെയും, പി.ജയരാജനെയും കൃഷ്ണനും അര്‍ജുനനുമായി ചിത്രീകരിച്ചിരുന്നത് വിവാദമായിരുന്നു.

പി.ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി ചിത്രീകരിക്കുവാന്‍ ഉപയോഗിച്ച ഫോട്ടോ വിഎസ് അച്യുതാനന്ദന്റെ ചിത്രത്തിലെ തലവെട്ടിമാറ്റി ഉപയോഗിച്ചതാണെന്നുള്ള വിവാദവും ഉയര്‍ന്നു വന്നിട്ടുണ്ട്. 2010 ഓഗസ്റ്റ് 15ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്ന ചിത്രത്തില്‍ നിന്നുമാണ് വിഎസിന്റെ തലവെട്ടിമാറ്റി പി.ജയരാജന്റെ തലചേര്‍ത്ത് ഫ്‌ളക്‌സ് ചെയ്തത്.