പാരിതോഷികങ്ങളും ആനുകൂല്യങ്ങളും മരുന്നുകമ്പനികളില്‍നിന്നു സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കും

single-img
7 February 2016

Medical tools and doctor's lab coat as a background

പാരിതോഷികങ്ങളും വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മരുന്നുകമ്പനികളില്‍നിന്നു സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്ന ശുപാര്‍ശകളടങ്ങിയ മാര്‍ഗരേഖ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കുന്നു. ശുപാര്‍ശ പുറത്തിറങ്ങിയ ശേഷവും മരുന്നുകമ്പനികളുടെ താല്‍പര്യത്തിനൊത്തു പ്രവര്‍ത്തിച്ചാല്‍ ഡോക്ടര്‍മാര്‍ക്കു കടുത്തശിക്ഷ ലഭിക്കും.

ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കു തുടക്കത്തില്‍ ഹ്രസ്വകാലത്തേക്കും ആവര്‍ത്തിച്ചാല്‍ ആജീവനാന്തവും വിലക്കേര്‍പ്പെടുത്താനാണു മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം.. മരുന്നുകളുടെ കൊള്ളവില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. 5000 രൂപയ്ക്കുമേലുള്ള സൗജന്യങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ആനുപാതികമായ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നുള്ളതാണ് ശുപാര്‍ശയില്‍ ചൂണ്ടിക്കാണിക്കുന്നത്.

5000 രൂപ മുതല്‍ 10,000 രൂപവരെ സൗജന്യങ്ങള്‍ സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ മൂന്നുമാസത്തേക്കു റദ്ദാക്കുമെന്നും 10,000 മുതല്‍ അരലക്ഷം രൂപവരെ സൗജന്യം സ്വീകരിക്കുന്നവരുടെ രജിസ്ട്രേഷന്‍ ആറുമാസത്തേക്കു റദ്ദാക്കുമെന്നും ശുപാര്‍ശയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സമ്മാനം സ്വീകരിക്കല്‍ ലക്ഷം രൂപവരെയാണെങ്കില്‍ ഒരുവര്‍ഷത്തേക്കും ലക്ഷം രൂപയ്ക്കുമേല്‍ സൗജന്യങ്ങള്‍ സ്വീകരിക്കുന്നവരുടെ വിലക്ക് ഒരുവര്‍ഷത്തിലേറെയും നീളും.

വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ ആജീവനാന്തവിലക്ക് നേരിടേണ്ടിവരുമെന്നും ശുപാര്‍ശിയിലുണ്ട്. ഡോക്ടര്‍മാര്‍ക്കു നല്‍കുന്ന സൗജന്യങ്ങളുടെയും സമ്മാനങ്ങളുടെയും ചെലവു വഹിക്കുന്ന കമ്പനികള്‍, മരുന്നുവില ഇരട്ടിയിലധികം വര്‍ധിപ്പിച്ച് രോഗികളില്‍നിന്നാണ് അതു തിരിച്ചുപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നടപടി.