പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച നിരഞ്ജന്റെ സമാധിക്കരികില്‍ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കളെത്തി

single-img
6 February 2016

Niranjan Unni

പഠാന്‍കോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്റെ സമാധിക്കരികില്‍ മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അമ്മ ധനലക്ഷ്മിയും അച്ഛന്‍ കെ. ഉണ്ണിക്കൃഷ്ണനുമെത്തി. മണ്ണാര്‍ക്കാട് എളമ്പുലാശേരിയില്‍ നിരഞ്ജന്റെ തറവാട്ടുവളപ്പിലെ സമാധിക്കരികിലിത്തെിയ ഉണ്ണികൃഷണനും ധനലക്ഷ്മിക്കുമൊപ്പം നിരഞ്ജന്റെ പിതൃസഹോദരന്‍ ഇ.കെ. ഹരികൃഷ്ണനും കൂടെയുണ്ടായിരുന്നു.

പെരിന്തല്‍മണ്ണ പുലാമന്തോള്‍ പാലൂരില്‍ നിരഞ്ജന്റെ ഭാര്യ ഡോ. രാധികയെയും മകള്‍ വിസ്മയയെയും ധനലക്ഷ്മിയും ഉണ്ണിക്കൃഷ്ണനും സന്ദര്‍ശിച്ചു. രണ്ടു മണിക്കൂറിലേറെ അവിടെയും ചെലവഴിച്ചാണ് അവര്‍ സ്വദേശമായ കോഴിക്കോട്ടേക്കു തിരിച്ചത്. നിരഞ്ജന്‍ വീരമൃത്യു വരിച്ച ദിവസങ്ങളില്‍ ധനലക്ഷ്മിയും ഉണ്ണിക്കൃഷ്ണനും ഡല്‍ഹിയില്‍ സൈന്യം ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍നിന്നു ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയിലായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

അന്ന് ധനലക്ഷ്മിയുടെ സഹോദരിയും ഭര്‍ത്താവും നിരഞ്ജന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കെത്തിയിരുന്നു. പിന്നീടു ബെംഗളൂരുവില്‍ തിരിച്ചെത്തിയ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍ അവിടെ നിരഞ്ജന്റെ പിതാവിനെ സന്ദര്‍ശിച്ചിരുന്നു. നിരഞ്ജന്റെ സമാധിക്കരികില്‍ ആ മാതാപിതാക്കള്‍ നിറകണ്ണുകളോടെയാണ് നിന്നത്.

ഏതൊരു സൈനികന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും മനസ്സു തങ്ങള്‍ക്ക് അതിവേഗത്തില്‍ മനസ്സിലാക്കാനാകുമെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഇത് തങ്ങള്‍ നേരിട്ടനുഭവിച്ചതാണെന്നും മരിച്ചു കിടക്കുന്ന ഭീകരന്റെ ദേഹത്തു സ്‌ഫോടകവസ്തുക്കളുണ്ടെന്ന് ബോധ്യമുണ്ടായിട്ടും അവ നിര്‍വ്വീര്യമാക്കി മറ്റുള്ളവരെ രക്ഷിക്കാന്‍ കാട്ടിയ നിരഞ്ജന്റെ അര്‍പ്പണബോധത്തിനും രാജ്യസ്‌നേഹത്തിനും പകരംവെയ്ക്കാന്‍ മറ്റൊന്നുമില്ലന്ന് അദ്ദേഹം പറഞ്ഞു. അതാണ് നാം സ്മരിക്കേണ്ടതും ആദരിക്കേണ്ടതുമെന്നും ഉണ്ണികൃഷ്ണന്‍ സൂചിപ്പിച്ചു.