ഉപയോഗശൂന്യമാകുന്നതിനെ തുടര്‍ന്ന് ഒഴിവാക്കുന്ന ചായപ്പൊടി മാലിന്യത്തില്‍ കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത് നിര്‍മ്മിച്ച അഞ്ച് ടണ്‍ വ്യാജ ചായപ്പൊടി പാലക്കാട്ടുനിന്നും പിടിച്ചെടുത്തു

single-img
6 February 2016

Chayappodi

മായം ചേര്‍ത്ത് നിര്‍മ്മിച്ച അഞ്ച് ടണ്‍ ചായപ്പൊടി പാലക്കാട് നൂറണിയില്‍ പിടികൂടി. ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്രിമ വസ്തുക്കള്‍ ചേര്‍ത്ത് ചായപ്പൊടി നിര്‍മ്മിക്കുന്ന രഹസ്യകേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ ചായപ്പൊടി പിടിച്ചെടുത്തത്. ഉപയോഗശൂന്യമാകുന്നതിനെ തുടര്‍ന്ന് ഫാക്ടറികളില്‍ നിന്നും കടകളില്‍ നിന്നും ഒഴിവാക്കുന്ന ചായപ്പൊടി മാലിന്യത്തിനൊപ്പം കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്താണ് സംഘം ചായപ്പൊടി നിര്‍മ്മിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കൃത്രിമ ചായപ്പൊടി ആവശ്യക്കാര്‍ക്ക് വിതരണം നടത്തിവന്ന മുഹമ്മദ് ഇക്ബാല്‍ എന്ന സംഘലത്തിലെ പ്രധാനിയും പിടിയിലായി. നൂറണിയില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ ജോലിക്കാരെ നിര്‍ത്തിയാണ് മുഹമ്മദ് ഇക്ബാല്‍ മായം ചേര്‍ന്ന ചായപ്പൊടി തയ്യാറാക്കി വില്‍പ്പനക്കെത്തിച്ചിരുന്നത്. വൃക്ക, കരള്‍ രോഗങ്ങളുണ്ടാക്കുന്ന അഞ്ച് തരം സിന്തറ്റിക് കളറുകളും രുചിവര്‍ധക വസ്തുക്കളുമാണ് പൊടിയില്‍ ചേര്‍ത്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃത്രിമ ചായപ്പൊടി ഒരു കിലോഗ്രാമിന് 220 രൂപ എന്ന തോതിലായിരുന്നു വില്‍പ്പന. മയ്യൂരി, അമൂര്‍ത്ത എന്നീ ബ്രാന്‍ഡുകളിലാണ് സംസ്ഥാന വ്യാപകമായി ചായപ്പൊടി വിറ്റിരുന്നത്. തിരുവനന്തപുരത്തെ ചായക്കടയില്‍ നിന്നും ലഭിച്ച ചായക്ക് രുചിവ്യത്യാസം തോന്നിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണമാണ് പാലക്കാട്ടെ രഹസ്യ കേന്ദ്രത്തില്‍ അവസാനിച്ചത്.

സമാന സ്വഭാവമുള്ള 750 കിലോ ചായപ്പൊടി തിരുവനന്തപുരം മംഗലാപുരം എന്നിവിടങ്ങളില്‍നിന്ന് നേരത്തെ പിടികൂടിയിരുന്നു. മുഹമ്മദ് ഇക്ബാലിന്റെ സഹായി ശ്രീധരനായി അന്വേഷണം നടക്കുകയാണ്. ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണമാരായ ശിവകുമാ!ര്‍, അനില്‍ കുമാര്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.