ഒരു കൊലക്കുറ്റത്തിന് അറസ്റ്റിലാവുകയും സല്‍സ്വഭാവിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുമാസത്തിനുശേഷം ജുവനൈല്‍ ഹോമില്‍നിന്നും വിട്ടയയ്ക്കുകയും ചെയ്ത പതിനേഴുകാരന്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി

single-img
5 February 2016

juvenile-justice-slide

മുമ്പ് ഒരു കൊലക്കുറ്റത്തിന് അറസ്റ്റിലാവുകയും സല്‍സ്വഭാവിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍നിന്നും രണ്ടുമാസത്തിനുശേഷം വിട്ടയയ്ക്കുകയും ചെയ്ത പതിനേഴുകാരനെ മറ്റൊരു കൊലക്കേസില്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പതിനേഴുകാരന്‍ ഫരീദാബാദ് സ്വദേശിയാണ്. ദക്ഷിണ ഡല്‍ഹിയിലെ ബി.കെ. ദത്ത് കോളനി നിവാസിയായ മിതിലേഷ് ജയിന്‍ എന്ന 65കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇയാളെ പിടികൂടിയിരിക്കുന്നത്.

മിതിലേഷ് ജയിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വവസതിയില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും ആഭരണങ്ങളും മോഷണം പോയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കൊല നടത്തിയത് ജുവനൈല്‍ ഹോമില്‍ നിന്ന് സല്‍സ്വഭാവത്തിന്റെ പേരില്‍ വിട്ടയയ്ക്കപ്പെട്ട കുട്ടിക്കുറ്റവാളിയാണെന്ന് കണ്ടെത്തിയത്.

തനിക്ക് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്തുന്നതിനാണ് കൊല നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പണം കണ്ടെത്താനെന്ന പേരില്‍ സ്വപ്‌നേഷ് ഗുപ്തയെന്ന 13കാരനെ കാമുകിയുടെ സഹായത്തോടെ ഇയാള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയുടെ പിതാവിനോട് മോചനദ്രവ്യമായി 60,000 രൂപ ആവശ്യപ്പെട്ടാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ കുട്ടി ഇവരുടെ പക്കല്‍വെച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ജുവനൈല്‍ ഹോമിലെ വാസത്തിനിടെ സല്‍സ്വഭാവിയെന്ന് കണ്ട് രണ്ടു മാസത്തിനുശേഷം വിട്ടയയ്ക്കുകയും ചെയ്തു.