ലാവ്‌ലിനെ ഭയക്കുന്നില്ല; ലാവ്‌ലിന്‍ കേസില്‍ വിചാരണ എത്രയും പെട്ടെന്ന് വേണമെന്ന് ആവശ്യപ്പെട്ട ആളാണ് താനെന്ന് പിണറായി വിജയന്‍

single-img
4 February 2016

TH30_PINARAYI_VIJAY_516498f

എസ്.എന്‍.സി ലാവ്‌ലിന്‍ കേസിനെ ഭയക്കുന്നില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. താന്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയല്ലെന്നും വിശദമായ വാദം കേട്ടശേഷമാണ് കേസ് കോടതി അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസില്‍ വിചാരണ എത്രയും പെട്ടെന്ന് വേണമെന്ന് ആവശ്യപ്പെട്ട ആളാണ് താന്‍. ലാവ്‌ലിന്‍ കേസിലെ സി.ബി.ഐ കോടതിയുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും പിണറായി പറഞ്ഞു. എറണാകുളത്ത് നവകേരള മാര്‍ച്ചിന്റെ ഭാഗമായി പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവലിന്‍ കേസിനെക്കുറിച്ച് പിണറായി മൗനം വെടിയണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പിണറായിക്ക് കഴിഞ്ഞ ദിവസം തുറന്ന കത്തെഴുതിയിരുന്നു. ഈ കത്തിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബ്കാരി ബിസിനസ്സുകാരനായ ഹിറ്റ്‌സ് മധുവിന്റെ കാറിലാണ് സുധീരന്‍ സഞ്ചരിക്കുന്നതെന്നും സുധീരന്റെ ഭാര്യാ സഹോദരന് ബാറിന്റെ ഉടമസ്ഥതയില്‍ പങ്കാളിത്തമുണ്ടെന്നും പിണറായി പറഞ്ഞു.