പി.സി. ജോര്‍ജിന്റെ പാര്‍ട്ടി പിളര്‍ന്നു; പി.സി. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

single-img
4 February 2016

PC-George1_14_0

പി.സി. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എല്‍.ഡി.എഫിന് അനൂകൂലമായ നിലപാടെടുക്കുകയും നേതാക്കളെ വ്യക്തിഹത്യ നടത്തുകയും ചെയ്തതിന് പി.സി.ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി പാര്‍ട്ടി ചെയര്‍മാന്‍ ടി.എസ്. ജോണ്‍ വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്.

ചീഫ് വിപ്പ് സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ശേഷം പി.സി. ജോര്‍ജ് കേരള കോണ്‍ഗ്രസി(സെക്യുലര്‍)ല്‍ പ്രത്യേക ക്ഷണിതാവായിട്ടാണു പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരായി പി.സി. ജോര്‍ജ് നിരന്തരമായി പ്രസ്താവനകള്‍ നടത്തുകയും സമൂഹത്തിലെ ഉന്നതരെ വ്യക്തിഹത്യ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിനുവേണ്ടിയാണ് പി.സി. ജോര്‍ജ് വാദിക്കുന്നത്. നിരവധി തവണ പി.സി. ജോര്‍ജിനോട് സംയമനം പാലിക്കണമെന്നാവശ്യപ്പെട്ടിട്ടും അനുസരിക്കാത്തിനെ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്നും ടി.എസ്. ജോണ്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലേതുപോലെ പ്രാദേശികാടിസ്ഥാനത്തില്‍ പാര്‍ടിയെ സഹകരിപ്പിക്കാമെന്നാണ് എല്‍.ഡി.എഫ്. പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രാദേശിക സഹകരണത്തിന് ഇനി കേരള കോണ്‍ഗ്രസി(സെക്യുലര്‍) നെ കിട്ടില്ലെന്നും ടി.എസ്. ജോണ്‍ പറഞ്ഞു.

പി.സി. ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതോടെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ പിളര്‍പ്പിലേക്ക് നീങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച വൈകിട്ടുവരെ പി.സി. ജോര്‍ജിന്റെ കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വക്കീലിനെ കാണുന്നതിനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനും മുമ്പന്തിയില്‍ ഉണ്ടായിരുന്ന നേതാവാണ് ജോണ്‍.
കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുമായി ടി.എസ്. ജോണ്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തുടര്‍ച്ചയാണിതെന്നാണ് സെക്യുലര്‍ നേതാക്കള്‍ പറയുന്നത്.

പുറത്താക്കല്‍ പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന വിമര്‍ശനവുമായി സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി. ജോണ്‍ വിഭാഗം യു.ഡി.എഫിലേക്കും ജോര്‍ജ് വിഭാഗം ഇടതു പാളയത്തിലേക്കും ചേക്കേറാനാണ് സാധ്യത. പി.സി. ജോര്‍ജ് ഇടതുപക്ഷത്ത് സീറ്റുറപ്പാക്കിയപ്പോള്‍ ജോണിന് സീറ്റ് ലഭിച്ചില്ലെന്നും സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് ടി.എസ്. ജോണ്‍, ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ടു എന്നാണു കിട്ടുന്ന വിവരം.