പെരിയാറിലെ കയത്തിലകപ്പെട്ട കുട്ടികളടക്കമുള്ള നാലംഗ കുടുംബത്തിനെ സ്വന്തം ജീവന്‍ പണയംവെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അനീഷ രക്ഷപ്പെടുത്തി

single-img
4 February 2016

Aneesha

പെരിയാറിലെ കയത്തിലകപ്പെട്ട കുട്ടികളടക്കമുള്ള നാലംഗ കുടുംബത്തിനെ സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അനീഷയ്ക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ഞായറാഴ്ചയാണ് ഏലൂക്കര പതുവന കടവില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കുട്ടികളടക്കമുള്ള നാലംഗ കുടുംബത്തെ പതുവന വീട്ടില്‍ അലിക്കുഞ്ഞിന്റെ മകള്‍ അനീഷ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി സാഹസികമായി രക്ഷപ്പെടുത്തിയത്.

നിലവിളികേട്ട് കടവിലേക്ക് ഓടിയെത്തിയ അനീഷ കണ്ടത് നദിയിലെ കയത്തില്‍ മുങ്ങിത്താഴുന്ന ആള്‍ക്കാരെയാണ്. മറ്റൊന്നും ആലോചിക്കാതെ അനീഷ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. രണ്ടുപേരെ കൈപിടിച്ച് കരയിലേക്കടുപ്പിച്ച അനീഷ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ നീന്തിപ്പിടിച്ച് കരയ്‌ക്കെത്തിക്കുകയും ചെയ്തു.

സംഭവത്തിനു ശേഷം അനീഷയെ പ്രശംസിക്കാന്‍ നാടുമുഴുവന്‍ ഓടിയെത്തി. സിനിമാ താരം മുകേഷ് അനീഷയെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു. അനീഷ പഠിക്കുന്ന മുപ്പത്തടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അനുമോദന യോഗം സംഘടിപ്പിക്കുകയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുകക്ുകയും ചെയ്തു. സി.പി.എം. നേതാവ് പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് കളമശ്ശേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തിലും അനീഷയെ ക്ഷണിച്ച് പുരസ്‌കാരം നല്‍കി അനുമോദിച്ചു.

മുന്‍ സൈനികനും പ്രശസ്ത സംവിധായകനുമായ മേജര്‍ രവി അനീഷയെ അഭിനന്ദിക്കാനെത്തിയിരുന്നു. അനീഷയ്ക്ക് പാരിതോഷികവും മേജര്‍ രവി സമ്മാനിച്ചു. വിദ്യാര്‍ത്ഥിനിയായിരിക്കെ അനീഷ നടത്തിയ ഇടപെടല്‍ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. അതുകൊണ്ട്, ധീരതയ്ക്കുള്ള പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യുമെന്നും മേജര്‍ രവി പറഞ്ഞു.