അഭിപ്രായം സ്വതന്ത്ര്യമായി പ്രകടിപ്പിക്കാനും, ഇഷ്ടമുളളത് കഴിക്കാനും അവകാശമുളള ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്ന് അമിതാഭ് കാന്ത് ഐ.എ.എസ്

single-img
4 February 2016

1452232009-BL28_PG1_KANT1_1865438f

അഭിപ്രായം സ്വതന്ത്ര്യമായി പ്രകടിപ്പിക്കാനും, ഇഷ്ടമുളളത് കഴിക്കാനും അവകാശമുളള ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് കാന്ത്. ബീഫ് കഴിക്കാനുളള അവകാശവും അതിനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും അമിതാഭ് കാന്ത് പറഞ്ഞു.

എന്‍ഡിടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഞാന്‍ കേരള കേഡറില്‍ നിന്നാണ് വരുന്നത്. അവിടെ എന്റെ അയല്‍വാസികളില്‍ ഒരാള്‍ നായരും മറ്റേയാള്‍ ബ്രാഹ്മണനുമായിരുന്നു. അവരുള്‍പ്പെടെ ആ നാട്ടില്‍ എല്ലാവരും ബീഫ് കഴിച്ചു വളര്‍ന്നവരാണ്. അമിതാഭ് പറഞ്ഞു.

നേരത്തെ ബീഫ് കയറ്റുമതി നിരോധിക്കണമെന്ന ഹൈന്ദവസംഘടനകളുടെ ആവശ്യത്തെയും അമിതാഭ് കാന്ത് തുറന്നെതിര്‍ത്തിരുന്നു. അഭിപ്രായങ്ങള്‍ പങ്കുവെക്കാനും ഇഷ്ടമുളളത് കഴിക്കാനുമുളള സ്വാതന്ത്ര്യം രാജ്യത്തുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. 1992-95 കാലത്ത് കോഴിക്കോട് ജില്ലാ കലക്റ്ററായിരുന്നു അമിതാഭ് കാന്ത്.

എന്നാല്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നും മിര്‍ഖാനെ മാറ്റിയ നടപടിയെ അദ്ദേഹം അനുകൂലിച്ചു. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായ വ്യക്തി തന്നെ അതിനെതിരായ പ്രചാരണങ്ങളില്‍ മുന്നില്‍ നിന്നാല്‍ എന്തുചെയ്യുമെന്നാണ് അദ്ദേഹം ചോദിച്ചത്. കേരള ടൂറിസത്തിന്റെ പ്രചാരത്തിനായി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പേരില്‍ കെ.ജയകുമാറുമായി ചേര്‍ന്ന് അമിതാഭ് കാന്ത് ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ്.