കേരളം അഭിമാനത്തോടെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയിരുന്ന ബ്രീട്ടീഷ് എഞ്ചിനീയറിംഗ് വിസ്മയമായ പുനലൂര്‍ തൂക്കുപാലം വീണ്ടും ജനങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുന്നു

single-img
3 February 2016

305700_268704689828002_259301314_n

കേരള ചരിത്രത്തിലെ പ്രാധാന്യമുള്ള ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലം ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. പന്ത്രണ്ടു വര്‍ഷങ്ങളായി നടന്നുവന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്ന് വൈകുന്നേരം നാലിനാണ് നീണ്ട ചരിത്രസ്മാരകത്തിന് ശാപമോക്ഷം ലഭിക്കുകയാണ്. ഇതോടെ കിഴക്കന്‍ മേഖലയുടെ ടൂറിസം വികസനവും പൂര്‍ത്തിയാകും.

കമ്പകത്തടിയുടെ അഭാവം മൂലമാണ് തൂക്കുപാലത്തിന്റെ നവീകരണം നീണ്ടുപോയത്. കെ. ബി. ഗണേഷ്‌കുമാര്‍ വനം വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ഇതിനായി കമ്പകത്തടികള്‍ ശേഖരിച്ചത്. വനത്തിനുള്ളില്‍ വീണുകിടന്ന തടികള്‍ കണെ്ടത്തി ഫോറസ്റ്റ് ഡിപ്പോകളില്‍ ശേഖരിക്കുകയായിരുന്നു. കടയ്ക്കാമണ്‍, കുളത്തൂപ്പുഴ ഡിപ്പോകളില്‍ നിന്നുള്ള കമ്പകത്തടികളാണ് തൂക്കുപാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്.

രണ്ടാഴ്ച മുമ്പുതന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കിടക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇടയ്ക്ക് മന്ദഗതിയിലായെങ്കിലും തൂക്കുപാലം സംരക്ഷണ സമിതി നടത്തിയ സമരങ്ങളും ഇടപെടലുകളുമാണ് നവീകരണം വേഗത്തിലാക്കിയത്.

ബ്രിട്ടീഷുകാരുടെ കാലത്താണ് പുനലൂരില്‍ പാലം നിര്‍മിച്ചത്. പുനലൂരിന്റെ ഗതകാല പ്രൗഡി ഉയര്‍ത്തിക്കാട്ടുന്ന തൂക്കുപാലം കിഴക്കന്‍ മേഖലയ്ക്ക് ചരിത്രവിസ്മയമാണ്. എന്നാല്‍ 2004ല്‍ തൂക്കുപാലത്തില്‍ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ചരിത്രസ്മാരകത്തെ ഗതികേടിലാക്കിയത്. നിലവിലുള്ള കമ്പകപ്പലകകള്‍ മാറ്റി പുതിയ പലകകള്‍ സ്ഥാപിച്ചതോടെ പാലം തകര്‍ച്ചയിലാകുകയായിരുന്നു.

അന്ന് ഗുണനിലവാരമില്ലാത്ത പാഴ്മരങ്ങളും പലകകളുമാണ് ഇന്ന് പാലത്തില്‍ സ്ഥാപിച്ചത്. ഇതോടെ പാലം അപകടത്തിലായി. സഞ്ചാരികള്‍ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് വീഴാന്‍ തുടങ്ങിയതോടെ പാലത്തിലൂടെയുള്ള സഞ്ചാരം ജില്ലാ കളക്ടര്‍ നിരോധിച്ചു. തുടര്‍ന്ന് അടച്ചിട്ട പാലം ഒടുവില്‍ വീണ്ടും വര്‍ഷങ്ങള്‍ക്കുശേഷം ഇ്ന്ന് ജനങ്ങളെ സ്വീകരിക്കാനൊരുങ്ങുന്നു.