നിര്‍ദ്ധനരെ സഹായിക്കാന്‍എഞ്ചിനീയറിംഗ് ജോലി രാജിവെച്ച് ടാക്‌സി ഡ്രൈവറായി

single-img
3 February 2016

Vijay Thakkoor

വന്‍ ശമ്പളമുള്ള എഞ്ചിനീയറിംഗ്് ജോലിയില്‍ നിന്നും ചെറിയ ശമ്പളമുള്ള ഡ്രൈവര്‍ ജോലിയിലേക്ക് ഒരു ഇറക്കം. നിര്‍ദ്ധനരെ സഹായിക്കുകയെന്നത് ജീവിത വൃതമായി കൊണ്ടു നടക്കുന്ന മുംബൈ സ്വദേശിയായ വിജയ് താക്കൂറാണ് ഈ അവിശ്വസനീയ കഥയിലെ നായകന്‍. 65,000 രൂപ മാസശമ്പളം വാങ്ങിയ ജോലിയില്‍ നിന്നും പതിനായിരം രൂപ ലഭിക്കുന്ന ടാക്‌സി ഡ്രൈവര്‍ ജോലിയിലേക്ക് അദ്ദേഹം വന്നത് വെറുതെയല്ല, ആശുപത്രിയില്‍ പോകേണ്ട രോഗികളെ സൗജന്യമായി സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ഇന്ന് അറുപത്തിരണ്ടുവയസ്സുള്ള വിജയ് താക്കൂര്‍ 31 വര്‍ഷം മുമ്പ് ടാക്‌സി ഡ്രൈവറായത് ഒരു കഥയാണ്. രാത്രി രണ്ടുമണിയായതോടെയാണ് ഭാര്യ സരോജ് താക്കൂറിന്റെ ഗര്‍ഭം അലസി അമിതമായ വേദന വന്നത്. ഓട്ടോറിക്ഷയ്‌ക്കോ ടാക്‌സിയ്‌ക്കോ വേണ്ടി കാത്തു നിന്നെങ്കിലും അരമണിക്കൂറായിട്ടും ഒന്നും ലഭിച്ചില്ലെന്നു മാത്രമല്ല ഭാര്യയുടെ നില ഗുരുതരമാകുകയുമായിരുന്നു. ഇക്കാര്യം മനസു വേദനിപ്പിച്ചതോടെയാണ് എഞ്ചിനീയറിംഗ് ജോലിയില്‍ നിന്നും വളന്ററി റിട്ടയര്‍മെന്റ് എടുത്ത് ടാക്‌സി ഡ്രൈവറാകുവാന്‍ തീരുമാനിച്ചത്.

തുടക്കത്തില്‍ ഭാര്യയും കുടുംബവുമൊന്നും തന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നില്ലെങ്കിലും ഇത്രയും വര്‍ഷമായിട്ടും താനെടുത്ത തീരുമാനം തെറ്റായെന്നോ അബദ്ധം പറ്റിയെന്നോ തനിക്ക് തോന്നിയിട്ടില്ലെന്നു ഇദ്ദേഹം പറയുന്നു. 65000 രൂപ വാങ്ങേണ്ടിയിരുന്ന സ്ഥാനത്ത് വെറും പതിനായിരം രൂപയോടടുത്ത് ശമ്പളം വാങ്ങുമ്പോഴും വിജയ് താക്കൂറിന് ഒട്ടും ഖേദം തോന്നുന്നില്ല. രോഗികളില്‍ നിന്നു മാത്രം വിജയ് യാത്രാക്കൂലി വാങ്ങില്ല. പകരം ആ പണം അവര്‍ക്കു മരുന്നിനു വേണ്ടി ചിലവഴിക്കാന്‍ ഉപദേശിക്കുകയാണ് ചെയ്യുക.

കോളേജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയും മറ്റു യാത്രക്കാര്‍ക്കു വേണ്ടിയുമെല്ലാം സേവനം നടത്തുന്ന താക്കൂറിന്റെ ഇളയമകന്‍ വിനീതും മരുമകള്‍ ദീപ്തിയും പ്രൈവറ്റ് കമ്പനിയിലെ മാനേജര്‍മാരാണ്. രാത്രിയോ പകലോയെന്നില്ലാതെ എപ്പോള്‍ വേണമെങ്കിലും വിജയ് താക്കൂറിനെ വിളിച്ചു സഹായം അഭ്യര്‍ഥിക്കാം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ‘ജീവന്‍ ദാന്‍ ഗാഡി’ എന്ന തന്റെ ടാക്‌സിയുമായി അദ്ദേഹമെത്തിയിരിക്കും.