അഗതി മന്ദിരത്തിലെ അമ്മമാര്‍ക്ക് സ്‌നേഹവും സമ്മാനങ്ങളുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍

single-img
2 February 2016

Mohanlal

അഗതി മന്ദിരത്തിലെ അമ്മമാര്‍ക്ക് സ്മനഹവും സമ്മാനങ്ങളുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ എത്തി. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍ 9 ന്റെ ഭാഗമായി നടപ്പാക്കിയ, ‘അവര്‍ക്കായി നമുക്കു വാങ്ങാം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ലാല്‍ എത്തിയത്. ദുരിതമനുഭവിക്കുന്നവര്‍ക്കായി സാധനങ്ങളും സമ്മാനങ്ങളും വാങ്ങി നല്‍കുന്ന ഈ പദ്ധതിയില്‍ നടന്‍ മോഹന്‍ ലാലും പങ്കാളിയാകുകയായിരുന്നു.

തിരുവനന്തപുരം പൂജപ്പുര അഗതി മന്ദിരത്തില്‍ കഴിയുന്ന അമ്മമാര്‍ക്കായി 45 സെറ്റ് സാരികളാണ് മോഹന്‍ ലാല്‍ വാങ്ങി നല്‍കിയത്. ടൂറിസം മന്ത്രി എപി അനില്‍ കുമാറിന്റെ വസതിയിലെത്തി ഇവ കൈമാറുകയും ചെയ്തു. എല്ലാം സ്വന്തമായി മാത്രം ആഗ്രഹിക്കുന്ന ഇക്കാലത്ത് മറ്റുള്ളവരെക്കുറിച്ച് ആലോചിക്കാന്‍ പ്രേരണയേകുന്ന ഈ പദ്ധതി മാതൃകാപരമാണെന്നു മോഹന്‍ ലാല്‍ പറഞ്ഞു.

വാങ്ങുന്നതിന്റെ സന്തോഷത്തേക്കാള്‍ ഇരട്ടിയാകണം നല്‍കുന്നതിന്റെ സന്തോഷമെന്നും അദ്ദേഹം സൂചബിപ്പിച്ചു. തന്റെ അമ്മ താമസിച്ചിരുന്നത് പൂജപ്പുരയിലെ വീട്ടിലാണെന്നും അതേ സ്ഥലത്തുള്ള അഗതിമന്ദിരത്തിലെ അമ്മമാര്‍ക്ക് ഇത് നല്‍കുമ്പോള്‍ താന്‍ ഇപ്പോള്‍ സുഖമില്ലാതിരിക്കുന്ന അമ്മയെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ സമ്മാനം നല്‍കല്‍ നന്മയുടെ പ്രതീകം മാത്രമാണെന്നും ഈ പ്രകാശം കേരളം മുഴുവന്‍ പരക്കട്ടെയെന്നും ലാല്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ആധ്യക്ഷ്യം വഹിച്ചു.