റബ്ബര്‍ ഇറക്കുമതി പരിമിതപ്പെടുത്തുമെന്നും പുനരുജ്ജീവന പദ്ധതിക്കായി 500 കോടി അനുവദിക്കുമെന്നും ജോസ് കെ മാണിയ്ക്ക് ഒരുറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
2 February 2016

Jose K Mani

സംസ്ഥാന സര്‍ക്കാരിന് റബ്ബര്‍ പുനരുജ്ജീവന പദ്ധതിക്കായി 500 കോടി അനുവദിക്കുമെന്നും ഇറക്കുമതി പരിമിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചുവെന്ന കേരള കോണ്‍ഗ്രസ് എംപി ജോസ് കെ മാണിയുടെ അവകാശവാദം വെറും കള്ളമാണെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരത്തില്‍ ഒരു ഉറപ്പും ജോസ് കെ മാണിക്ക് നല്‍കിയിട്ടില്ലെന്ന കേന്ദ്ര വാണിജ്യകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് എംപിമാരായ ജോസ് കെ മാണിയും ജോയ് എബ്രഹാമും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് ലഭിച്ചതെന്നായിരുന്നു വാര്‍ത്തപരന്നിരുന്നത്. നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രികൂടിയായ ജെപി നഡ്ഡയും പങ്കെടുത്തിരുന്നു. റബ്ബറിന്റെ കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയതായി പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞത്.

വില സ്ഥിരതാ ഫണ്ടിനായി കേരളത്തിന് 500 കോടി നല്‍കുന്ന കാര്യത്തിലും റബര്‍ ഇറക്കുമതി പരിമിതപ്പെടുത്തുമെന്ന കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. ജോസ് കെ മാണി ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കുക മാത്രമാണ് ചെയ്തതെന്നും ഇറക്കുമതി പരിമതപ്പെടുത്താമെന്ന ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രാലയം പറഞ്ഞു.