കോര്‍പറേഷന്‍ ശുചീകരണ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് നഗരനിരത്തുകളില്‍ നിറഞ്ഞ മാലിന്യം നീക്കാന്‍ എഎപി എംഎല്‍എമാര്‍ ചൂലെടുത്തു

single-img
1 February 2016

AAP

കോര്‍പറേഷന്‍ ശുചീകരണ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് നഗരനിരത്തുകളില്‍ നിറഞ്ഞ മാലിന്യം നീക്കാന്‍ എഎപി എംഎല്‍എമാര്‍ ചൂലെടുത്തു. കോര്‍പറേഷന്‍ ശുചീകരണ ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്കു കടന്ന അവസരത്തില്‍ പൊതുമരാമത്ത് വകുപ്പ്, ഡല്‍ഹി ജല ബോര്‍ഡ് ജീവനക്കാര്‍ക്കൊപ്പമാണ് എംഎല്‍എമാരുടെ സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മാലിന്യം നിറഞ്ഞ് നഗരത്തിലെ സ്ഥിതി മോശമായതുകൊണ്ടാണ് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാലിന്യം നീക്കുകയായിരുന്നെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. മാലിന്യത്തിനിടയില്‍ ജനങ്ങള്‍ കഴിയുന്നതിലെ ബുദ്ധിമുട്ടു മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ചൂലെടുത്ത് നിരത്തിലിറങ്ങിയതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ജല ബോര്‍ഡിലെ 2000 ജീവനക്കാര്‍ ഇന്നലത്തെ ശുചീകരണത്തില്‍ പങ്കെടുത്തു. ശമ്പള അഴിമതിയാണ് ബിജെപി ഭരിക്കുന്ന കോര്‍പറേഷനുകളിലെന്ന് ഉപമുഖ്യമന്ത്രി ആരോപിച്ചു. ഒരു ശ്വാശ്വത പരിഹാരത്തിനായുള്ള ശ്രമത്തിലാണ്. മന്ത്രിമാരായ കപില്‍ മിശ്ര, സത്യേന്ദര്‍ ജയിന്‍, സ്പീക്കര്‍ റാം നിവാസ് ഗോയല്‍ തുടങ്ങിയവരും ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.

ശുചീകരണത്തില്‍ പങ്കെടുത്ത പൊതുമരാമത്ത് ജീവനക്കാരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അനുമോദിച്ചു.