ഡി.ജി.പിക്കെതിരേ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടതിന്‌ സസ്‌പെന്‍ഷനിലായ പോലീസുകാരനെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു

single-img
31 January 2016

policecapപത്തനംതിട്ട: ഡി.ജി.പിക്കെതിരേ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടതിന്‌ സസ്‌പെന്‍ഷനിലായ പോലീസുകാരനെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇപ്രാവശ്യം അനുവാദമില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ പേരിലാണ് എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ രാജേഷ്‌കുമാറിനെ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ജില്ലാ പോലീസ്‌ മേധാവി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

പോലീസിനെ പൊതുജനമധ്യത്തില്‍ നാണം കെടുത്തിയെന്നാരോപിച്ചാണ്‌ സസ്‌പെന്‍ഷന്‍.  പോലീസുകാര്‍ക്ക്‌ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെ വിമര്‍ശിച്ച്‌ “നിശബ്‌തയുടെ പേരാണ്‌ മരണം” എന്ന തലക്കെട്ടില്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടതിന്‌ കഴിഞ്ഞ മാസം രാജേഷിനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇതിനിടെ കഴിഞ്ഞ 10 ന്‌  ടി.വി. ചാനലിലെ ഞങ്ങള്‍ക്കും പറയാനുണ്ട്‌ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പോലീസ്‌ സേനയുടെ നവീകരണം സംബന്ധിച്ച്‌ പോലീസ്‌ ആസ്‌ഥാനത്തു നിന്ന്‌ പുറത്തിറങ്ങിയ സര്‍ക്കുലറിനെപ്പറ്റി സംസാരിച്ചുവെന്നതാണ്‌ ഇപ്പോഴുള്ള കുറ്റം.