ഡല്‍ഹിയില്‍ ശുചീകരണതൊഴിലാളികള്‍ സമരത്തില്‍; ഒടുവില്‍ മാലിന്യം നീക്കം ചെയ്യാന്‍ മന്ത്രി തന്നെ നേരിട്ടിറങ്ങി

single-img
31 January 2016

aap-ministerന്യൂഡല്‍ഹി:  ശുചീകരണതൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ഒടുവില്‍ ഡല്‍ഹി ടൂറിസം മന്ത്രി തന്നെ നേരിട്ടിറങ്ങി. ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികള്‍ നടത്തി വരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. മാലിന്യം നീക്കം താറുമാറായതിനെ തുടര്‍ന്നാണ് മന്ത്രി കപില്‍ മിശ്രയും എ.എ.പി പ്രവര്‍ത്തകരും ചൂലെടുത്തത്.

തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് നഗരത്തിലെ മാലിന്യം നീക്കം ചെയ്യാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രത്യേക ദൗത്യസംഘത്തെയും നിയോഗിച്ചു.  സമരത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഡല്‍ഹി പി.ഡബ്ല്യൂ.ഡി മന്ത്രി സത്യേന്ദ്ര ജെയിന്‍  എം.സി.ഡി കമ്മീഷനുകളുടെ യോഗം ഇന്ന് ചേരും.

ശുചീകരണത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ കോര്‍പറേഷനുകള്‍ക്ക് പണം അനുവദിച്ചിട്ടുണ്ടെന്നും ഈ പണം വിതരണം ചെയ്യാന്‍ കോര്‍പറേഷനുകള്‍ ഭരിക്കുന്ന ബിജെപി തയ്യാറുവിന്നില്ലെന്നും എഎപി ആരോപിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ശമ്പളം കൃത്യമായി നല്‍കുന്നില്ലെന്നും ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നില്ലെന്നും ചൂണ്ടികാണിച്ച് ശുചീകരണ തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ശുചീകരണ തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ബി.ജെ.പി പ്രവര്‍ത്തകരും സമരത്തില്‍ ചേര്‍ന്നിട്ടുണ്ട്.