മാര്‍ഷല്‍ ഐലന്‍ഡ്‌സ് ഇന്ത്യക്ക് എതിരേ അന്തരാഷ്ട്ര കോടതിയില്‍ കേസ് നല്‍കി

single-img
31 January 2016

gavel judge courtലണ്ടന്‍: പസഫിക്കിലെ  ചെറുദ്വീപസമൂഹമായ മാര്‍ഷല്‍ ഐലന്‍ഡ്‌സ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആണവശക്തികള്‍ക്ക് എതിരേ അന്തരാഷ്ട്ര കോടതിയില്‍ കേസ് കൊടുത്തു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഹര്‍ജി മാര്‍ച്ച് ഏഴിനും 16-നും ഇടയ്ക്ക് പരിഗണിക്കും. അണ്വായുധമത്സരം അവസാനിപ്പിക്കാനും ആണവായുധങ്ങള്‍ ഇല്ലാതാക്കാനുമുള്ള ബാധ്യത നിറവേറ്റുന്നില്ല എന്നതാണ് ആരോപണം.

ഒന്‍പതു രാജ്യങ്ങള്‍ക്കെതിരേയാണ് ആദ്യം കേസ് കൊടുത്തത്. അതില്‍ ഇന്ത്യ, ബ്രിട്ടന്‍, പാക്കിസ്ഥാന്‍ എന്നിവയൊഴികെ ആറുപേര്‍ക്കെതിരേ ഉള്ളതും പ്രഥമദൃഷ്ട്യാ തള്ളി. അമേരിക്ക, ചൈന, റഷ്യ, ഉത്തരകൊറിയ, ഇസ്രയേല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അന്തരാഷ്ട്ര കോടതിയുടെ അധികാരം അംഗീകരിച്ചിട്ടാല്ലാത്തതുകൊണ്ട് അവയ്‌ക്കെതിരേയുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല.

പസഫിക് മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കു വടക്കാണ് മാര്‍ഷല്‍ ദ്വീപുകള്‍.  ഒരുകാലത്ത് ജര്‍മനിയുടേതായിരുന്ന ദ്വീപുകള്‍ പിന്നീട് അമേരിക്കയുടേതായി. 1946 മുതല്‍ 58 വരെ ഈ ദ്വീപസമൂഹത്തില്‍ അമേരിക്ക നിരവധി അണ്വായുധ പരീക്ഷണങ്ങള്‍ നടത്തി. 1986ലാണ് മാര്‍ഷല്‍ ഐലന്‍ഡ്‌സ്  സ്വതന്ത്രയായത്. എന്നാല്‍ പ്രതിരോധം അമേരിക്ക ഉറപ്പുവരുത്തും. ധനസഹായവും ആണവവികിരിണം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസധനവും അമേരിക്ക നല്‍കും.

അണുബോംബിന്റെ ആയിരം മടങ്ങു ശക്തമായിരുന്ന  ഹൈഡ്രജന്‍ ബോംബ് 1954 മാര്‍ച്ച് ഒന്നിന് അമേരിക്ക ഈ ദ്വീപസമൂഹത്തിലെ ബിക്കിനി അടോളില്‍ പരീക്ഷിക്കുകയുണ്ടായി. ഇരുപതുവര്‍ഷത്തിനു ശേഷം അവിടെ താമസിക്കാന്‍ അനുവാദം ലഭിച്ചവരില്‍ സസ്യങ്ങളില്‍നിന്നു റേഡിയേഷന്‍ ഏല്‍ക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് അമേരിക്ക അവിടത്തെ ജനങ്ങള്‍ക്ക് ധനസഹായം നല്‍കിവരികയാണ്.