നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു അരയാല്‍ സംരക്ഷിക്കാന്‍ തങ്ങളുടെ ഗ്രാമദേവതയുടെ അമ്പലം മാറ്റിപ്പണിത് കായക്കുളം നിവാസികള്‍

single-img
30 January 2016

Arayal

ഒരു അരയാല്‍ സംരക്ഷിക്കാനായി കായക്കുളം നിവാസികള്‍ നാടുവാഴുന്നമ്മയുടെ ദേവസ്ഥാനം മാറ്റിപ്പണിയുന്നു. കായക്കുളത്തുകാരുടെ ഗ്രാമദേവതയായ നാടുവാഴുന്നമ്മയുടെ അമ്പലത്തിന് അടുത്തുള്ള അരയാല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നാട്ടുകാര്‍ ഇത്തരത്തിലുള്ള ഭൂരിപക്ഷ തീരുമാനമെടുത്തിരിക്കുന്നത്.

വിഷ്ണുദേവസ്ഥാനത്തിന്റെ ഉപദേവതാസങ്കല്പമായ നാടുവാഴുന്നമ്മയുടെ ദേവസ്ഥാനത്തിന് സമീപം വളര്‍ന്നുപന്തലിച്ച് നില്ക്കുന്ന അരയാലിന് ദേവസ്ഥാനത്തിന്റെയാത്രതന്നെ പഴക്കമുണ്ടെന്നാണ് അറിവ്. കാലങ്ങളായി അരയാലിന്റെ വേരുകള്‍ പടര്‍ന്ന് ദേവസ്ഥാനത്തിന്റെ അടിത്തറയ്ക്ക് വിള്ളല്‍ വീഴുകയും അരയാലിന്റെ വളര്‍ച്ചയോടെ കളിയാട്ടക്കാലത്ത് ദേവസ്ഥാനത്തിനുമുന്നില്‍ നാടുവാഴുന്നമ്മയ്ക്ക് കെട്ടിയാടാനുള്ള സ്ഥലം ഇല്ലാതാകുകയും ചെയ്തതോടെയാണ് പ്രസ്തുത അരയാല്‍ മുറിച്ചുനീക്കി പുതിയ അരയാല്‍ നടണമെന്ന ആവശ്യം ശക്തമായത്.

പക്ഷേ പ്രകൃതിയുടെ വരദാനമായ അരയാല്‍ സംരക്ഷിക്കണമെന്ന നിലപാടാണ് ഭൂരിപക്ഷമാള്‍ക്കാരും കൈക്കൊണ്ടത്. ഇതിനെ തുടര്‍ന്ന് ദേവസ്ഥാന കമ്മിറ്റി വിശ്വാസികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുകൂട്ടുകയും ഈ പ്രശ്‌നം ചര്‍ച്ചയ്ക്കു വയ്ക്കുകയുമായിരുന്നു. ഭൂരിപക്ഷമാള്‍ക്കാരും അരയാല്‍ സംരക്ഷിക്കണമെന്ന ആവശ്യത്തിനാണ് പിന്തുണ നല്‍കിയത്.

നൂറുകണക്കിന് വവ്വാലുകള്‍ ചേക്കേറിയ അരയാല്‍മരം മുറിക്കുന്നത് ദൈവഹിതമാവില്ലെന്ന അഭിപ്രായവും ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രശ്‌നംശവച്ചു മനാക്കുകയും അരയാല്‍ മുറിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ദൈവഹിതമെന്ന് ജ്യോതിഷി അഭിപ്രായപ്പെടുകയുമായിരുന്നു. അതോടെ അരയാല്‍സുരക്ഷിതമാകുകയും നാടുവാഴുന്നമ്മയ്ക്ക് പുതിയ അമ്പലമൊരുക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ ആരംഭിക്കുകയും ചെയ്തു. കായക്കുളം ദേവസ്ഥാനത്ത് നാടുവാഴുന്നമ്മയ്ക്ക് പുതിയ ദേവസ്ഥാനം ഒരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

15 വര്‍ഷംമുമ്പ് ദേവസ്ഥാനഭൂമിയില്‍ ക്ഷേത്ര സമിതിക്കാരും സമീപത്തെ ശ്രീവിഷ്ണു ക്ലബ് പ്രവര്‍ത്തകരും നട്ടുപിടിപ്പിച്ച മരങ്ങളും തണല്‍വിരിച്ച് നില്‍ക്കുന്നുണ്ട്.