മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദിച്ച ശേഷം മുടിയും പുരികവും മീശയും നിര്‍ബന്ധപൂര്‍വ്വം വടിപ്പിച്ച് റോഡിലൂടെ നടത്തിച്ചു

single-img
30 January 2016

bajrangdal-membersകാണ്‍പൂര്‍: ഹിന്ദുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തി എന്നാരോപിച്ച് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. അവദേഷ് സവിത എന്നയാള്‍ക്കാണ്    മര്‍ദ്ദനമേറ്റത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.

തുടര്‍ന്ന് ഇയാളുടെ  മുടിയും പുരികവും മീശയും നിര്‍ബന്ധപൂര്‍വ്വം വടിപ്പിച്ച് റോഡിലൂടെ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അവദേഷിനും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.

അവദേഷിന്റെ വീട്ടിലെത്തിയ 200ഓളം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇയാളെ വീട്ടില്‍ നിന്നും ബലമായി പിടിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവദേഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും ബജ്‌രംഗ്ദള്‍ സംഘം അയാളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി അവദേഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മൂന്നു ഹിന്ദു യുവാക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ അവദേഷ് സഹായിച്ചെന്നും അവരെ നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിച്ചെന്നുമാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.